ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം: ജല വിതരണത്തിന് നടപടികളായില്ല
കാസര്‍കോട്: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ ജല വിതരണം നടത്താനുള്ള നടപടികളൊന്നും പൂര്‍ത്തിയായില്ല. ഇതേ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ ദുരിതം പേറി വരുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയോടെ തന്നെ കനത്ത ചൂട് പ്രത്യക്ഷപ്പെട്ടതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കത്തുന്ന വേനലില്‍ പാടങ്ങളും, കൈതോടുകളും, ആവികളും ഉള്‍പ്പെടെ വറ്റി വരണ്ടതോടെയാണ് ജില്ലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായത്.
അതിനിടെ ചില സന്നദ്ധ സംഘടനകള്‍ വാഹനങ്ങളില്‍ ജലം എത്തിച്ചു കൊടുക്കുന്നത് അല്പം പ്രദേശങ്ങളില്‍ ആശ്വാസമാകുന്നുണ്ടെകിലും ഭൂരിഭാഗം പ്രദേശങ്ങളിലും ജലം കിട്ടാതെ ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഉള്ളത്.കനത്ത ചൂടിനിടയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും ഒന്നിച്ചെത്തിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ മന്ദീപിച്ച അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയുടെ വിവിധ മേഖലകളില്‍ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി പാതയോരങ്ങളില്‍ പാത്രങ്ങളുമായി കാത്തു നില്ക്കുന്ന കാഴ്ചകളും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കുടിവെള്ള വിതരണം നടത്തിയാല്‍ മാത്രമേ ഒരു പരിധി വരെയെങ്കിലും ജില്ലയില്‍ ക്ഷാമം അനുഭവിക്കുന്നവര്‍ക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ. എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനവും, തെരഞ്ഞെടുപ്പും, കനത്ത ചൂടും ഒന്നിച്ചെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വിയര്‍ത്തതോടെ കുടിവെള്ള വിതരണ നടപടികള്‍ സ്വീകരിക്കാന്‍ വൈകുകയാണ്. വേനല്‍ മഴ ഉള്‍പ്പെടെ ലഭിക്കാതെ വന്നതോടെയാണ് കടുത്ത ജലക്ഷാമത്തിലേക്കു ജില്ല നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."