പണം തിരികെ ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ല
പാസ്‌പോര്‍ട്ടുകള്‍ വൈകും
കൊണ്ടോട്ടി: രാജ്യത്തു നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്ര റദ്ദാക്കിയതോടെ ഹജ്ജിന് അപേക്ഷിച്ചവര്‍ നല്‍കിയ പണം തിരികെ ലഭിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവര്‍ രണ്ടു ഗഡുക്കളായി നല്‍കിയ 2,01,000 രൂപ റീ ഫണ്ട് അക്കൗണ്ടിലേക്കു വരുംദിവസങ്ങളില്‍ കൈമാറും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
നേരത്തെ ഹജ്ജ് തീര്‍ത്ഥാടനം ഒഴിവാക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ അടച്ച മുഴുവന്‍ തുകയും കൈമാറുമെന്നായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് പണം ലഭിച്ചുതുടങ്ങിയിട്ടുമുണ്ട്.
സംസ്ഥാനത്തുനിന്ന് ഇത്തവണ 10,834 പേര്‍ക്കാണ് അവസരം ലഭിച്ചിരുന്നത്. കവര്‍ ലീഡര്‍ മുഖേനയാണ് ഇവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് പണമടച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അപേക്ഷയോടൊപ്പം നല്‍കിയ അക്കൗണ്ടിലേക്കാണ് മുഴുവന്‍ തുകയുമെത്തുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു. ഇന്ത്യയില്‍ ആകെ ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് റീ ഫണ്ട് തുക കേന്ദ്രം കൈമാറാനുള്ളത്.
അതേസമയം, കൊവിഡിനെ തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസ് അടച്ചതിനാല്‍ തീര്‍ത്ഥാടകര്‍ നല്‍കിയ പാസ്‌പോര്‍ട്ട് കൈമാറല്‍ വൈകും. ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെ പേരുടെ പാസ്‌പോര്‍ട്ടുകളാണു ഹജ്ജ് വിസ സ്റ്റാമ്പിങ്ങിനായി മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലേക്ക് അയച്ചിരുന്നത്. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരില്‍ 9,350 പേരുടെ പാസ്‌പോര്‍ട്ടുകളാണ് മുംബൈ ഓഫിസിലുള്ളത്. ഇവ അടുത്ത മാസം അവസാനത്തോടെ എത്തുമെന്നാണു പ്രതീക്ഷ. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലേക്ക് അയക്കുന്ന പാസ്‌പോര്‍ട്ടുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."