വൈദ്യുത ബസിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞു; ഇനി പ്രതീക്ഷാകാലം
കോഴിക്കോട്: ജില്ലയില്‍ കെ.എസ്.ആര്.ടി.സിയുടെ വൈദ്യുത ബസിന്റെ പരീക്ഷണ ഓട്ടം സമാപിച്ചു. തിരുവനന്തപുരം നഗരത്തില്‍ സര്‍വിസ് നടത്തിയതിനേക്കാള്‍ കലക്ഷനോടെയാണ് ഈ ഹൈടെക് വൈദ്യുത ബസ് കോഴിക്കോട് വിട്ടത്. അഞ്ചുദിവസം ജില്ലയുടെ വിവിധയിടങ്ങളില്‍ സര്‍വിസ് നടത്തിയ ബസ് 59,919 രൂപയാണു കലക്ഷന്‍ നേടിയത്. തിരുവനന്തപുരത്തു 49,000 രൂപയായിരുന്നു കലക്ഷന്‍ ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ടു വരെയായിരുന്നു ബസ് കോഴിക്കോട് പരീക്ഷണ സര്‍വിസ് നടത്തിയത്.
തിരുവനന്തപുരത്തും എറണാകുളത്തും നഗരങ്ങളിലൂടെയായിരുന്നു വൈദ്യുത ബസ് സര്‍വിസ് നടത്തിയിരുന്നതെങ്കില്‍ കോഴിക്കോട്ട് മലയോരത്തേക്കും ബസ് സര്‍വിസ് നടത്തിയിരുന്നു. കോഴിക്കോട് നഗരത്തില്‍ നിന്നു ബേപ്പൂര്‍, രാമനാട്ടുകര, ബാലുശ്ശേരി, താമരമശ്ശേരി, അടിവാരം തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ബസിന്റെ പരീക്ഷണ സര്‍വിസ്. ശബ്ദവും പുകയുമില്ലാതെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ നീങ്ങിയ ബസിന് വന്‍ സ്വീകരണമായിരുന്നു യാത്രക്കാര്‍ നല്‍കിയത്.
സര്‍വിസുകള്‍ വിജയകരമാണെങ്കില്‍ കൂടുതല്‍ വൈദ്യുത ബസുകള്‍ സംസ്ഥാനത്തു സര്‍വിസ് നടത്താനാണ് കെ.എസ്.ആര്.ടി.സി ആലോചിക്കുന്നത്. ഇതില്‍ ആദ്യപരിഗണന കോഴിക്കോട് ജില്ലയ്ക്കു കിട്ടുമെന്ന പ്രതീക്ഷയിലാണു ജില്ലയിലെ കെ.എസ്.ആര്.ടി.സി അധികൃതരും യാത്രക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."