72 സ്‌കൂള്‍ ബസ്സുകളില്‍ മിന്നല്‍ പരിശോധന
പാലക്കാട്: ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ആര്‍.ടി.ഒ എന്‍ ശരവണന്റെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളിലായി ജില്ലയില്‍ 72 ബസുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഇതില്‍ ഒരു സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തി. ഡ്രൈവര്‍ക്കെതിരെയും വിദ്യാലയ അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. വരും ദിവസങ്ങളില്‍ സ്‌കൂള്‍ ബസ്സുകളുടെ പരിശോധന കര്‍ശനമാക്കുമെന്നും വീഴ്ച വരുത്തുന്ന ഡ്രൈവര്‍മാര്‍ക്കും, വിദ്യാലയങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുവാന്‍ ശുപാര്‍ശ ചെയ്യുമെന്നും ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസ്സുകള്‍ കര്‍ശനമായി പാലിക്കേണ്ട നിബന്ധനകളില്‍ ചിലത്: വാഹനത്തിന്റെ മുന്‍ വശത്ത് മുകളിലായി ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന സ്റ്റീക്കര്‍ പതിച്ചിരിക്കണം, (വെള്ള നിറത്തിലുള്ള പ്രതലത്തില്‍ നീല നിറത്തിലുള്ള അക്ഷരങ്ങള്‍ ).ഫസ്റ്റ് എയ്ഡ് ബോക്‌സ് ഉണ്ടായിരിക്കണം, അഗ്നി ബാധ നിയന്ത്രിക്കുന്ന സംവിധാനം വേണം, വിദ്യാലയത്തിന്റെ പേരും വിലാസവും, ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിക്കണം, വാതിലുകള്‍ സുരക്ഷിതമായ ലോക്കിംങ് സംവിധാനം ഉണ്ടായിരിക്കണം, ബസുകളില്‍ നിശ്ചിത യോഗ്യതയുള്ള ആയമാര്‍ നിര്‍ബന്ധമായും വേണം, അധ്യാപകരോ, രക്ഷിതാക്കാളോ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്ത് സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്, പത്ത് വര്‍ഷത്തെ ഡ്രൈവിംങ് പരിചയവും കൂടാതെ വലിയ വാഹനങ്ങള്‍ ഓടിച്ചുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പരിചയം ഡ്രൈവര്‍ക്ക് ഉണ്ടായിരിക്കണം, യോഗ്യതയില്ലാത്ത ഡ്രൈവറെ നിയമിക്കുകയോ ഒരു വര്‍ഷത്തില്‍ രണ്ട് തവണയോ അതില്‍ കൂടുതലോ നിയമം ലംഘിക്കപ്പെട്ടതിന് നിയമനടപടി നേരിടേണ്ടി വരുകയോ ചെയ്ത ഡ്രൈവര്‍ പാടില്ല, മദ്യപിച്ചോ അമിത വേഗതയിലോ വാഹനമോടിക്കുന്നവരെ സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറായി നിയമിക്കരുത്, ബസ്സില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പേര്, വിലാസം, ബന്ധപ്പെടാവുന്ന ടെലഫോണ്‍-മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ വാഹനത്തില്‍ ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്, മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പി.ടി.എ അംഗങ്ങള്‍, സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് പരിശോധിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."