കാണാപാഠങ്ങളേക്കാള് കണ്ടുപിടുത്തങ്ങള്‍ ഹോബിയാക്കി അമീര്‍ സുഹൈല്‍
പാവറട്ടി: ഏഴ് വയസു മുതല്‍ ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്ത് വീട്ടുകാര്‍ക്ക് തലവേദനയായ അമീര്‍ സുഹൈല്‍ ഇന്ന് വീട്ടുകാര്‍ക്ക് പുറമെ നാട്ടുകാര്‍ക്കും അഭിമാനമാകുന്നു. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ് പൊലിസില്‍ അംഗമായിരിക്കുമ്പോള്‍ ചാവക്കാട് എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ കെ.എം അബ്ദുല്‍ ജമാല്‍ സാറുമായി ഉണ്ടാക്കിയ ബന്ധമാണ് സുഹൈലിന്റെ ഇലക്ട്രോണിക് രംഗത്തെ അത്ഭുതമാക്കി മാറ്റിയത്.
എത്ര ഉന്നതനായാലും അങ്ങോട്ട് കയറി പരിചയപ്പെടുന്ന പ്രകൃതക്കാരനായ അമീര്‍ സുഹൈലിന്റെ ഈ സ്വഭാവമാണ് ജമാല്‍ സാറിന്റെ ശ്രദ്ധാകേന്ദ്രമാകാനുള്ള കാരണം. അന്നു മുതല്‍ സാറിന്റെ വിടാതെയുള്ള നിര്‍ദ്ദേശങ്ങളാണ് പുറം ലോകമറിയാതെ കിടന്നിരുന്ന കഴിവുകള്‍ പുറത്തു കൊണ്ടുവരാന്‍ അമീര്‍ സുഹൈലിന് പ്രചോദനമായത്. ഏഴ് വയസു മുതല്‍ ലൈറ്ററുകള്‍ തുടങ്ങിയ നിരവധി ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് തുടങ്ങിയിരുന്നു. പഠനത്തിലുള്ള ശ്രദ്ധയേക്കാള്‍ റിപ്പയറിങിലുള്ള ശ്രദ്ധ വീട്ടുകാര്‍ക്ക് തലവേദനയായിരുന്നു.
എസ്.പി.സി. അംഗമായിരിക്കേ സ്കൂള്‍ എക്സിബിഷനില്‍ തെര്മ്മോകോളില് റിമോര്‍ട്ട് ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ടാക്കിയതിന് ഉപജില്ലയില്‍ ഫസ്റ്റും ജില്ലയില്‍ തേര്‍ഡും ലഭിച്ചിട്ടുണ്ട്. എന്നാല്‍ തെര്‍മോകോളില്‍ ഉണ്ടാക്കിയ ആഡംബര കപ്പലാണ് നാട്ടുകാര്‍ക്കിടയില്‍ അത്ഭുതമായത്. റിമോര്‍ട്ട് ഉപയോഗിച്ച് ഓടിക്കുന്ന കപ്പലിനെ ആവശ്യാനുസരണം ഇരുവശങ്ങളിലേക്കും തിരിക്കാനുമുള്ള സൗകര്യവും റിമോര്ട്ടിലുണ്ട്. പൈപ്പ് ഉപയോഗിച്ച് നിര്‍മിച്ച പുല്ല് വെട്ട് യന്ത്രമാണ് അമീര്‍ സുഹൈലിന്റെ കരവിരുതിലെ മറ്റൊന്ന്. കറന്റില് ഉപയോഗിക്കുന്ന ഈ യന്ത്രം ഉപയോഗിച്ച് വീട്ടുമുറ്റത്തെ പുല്ല് വെട്ടുന്നത് കണ്ടാല്‍ ആരിലും കൗതുകമുയര്‍ത്തും. ചെറിയ കുട്ടികള്‍ക്ക് വരെ വളരെ നിസാരമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മിതി. എസ്.എസ്.എല്‍.സി.കഴിഞ്ഞ് തുടര്‍പഠനത്തിന് സീറ്റ് പ്രതീക്ഷിച്ച് നില്ക്കുന്ന അമീര്‍ സുഹൈല്‍ പൈങ്കണ്ണിയൂര് എ.എം.എല്‍.പി. സ്കൂളിന് സമീപം താമസിക്കുന്ന പാവറട്ടി എസ്.റ്റി.യു. ഡ്രൈവേഴ്സ് യൂനിയന്‍ അംഗം ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് മോന്റെയും പൈങ്കണ്ണിയൂര് എ.എം.എല്‍.പി . സ്കൂള്‍ നഴ്സറി അധ്യാപിക സുഹറയുടെയും മകനാണ്.
അമീര്‍ ഷുഹൈബ്, മുഹമ്മദ് സ്വാലിഹ് സഹോദരങ്ങളും. പുതിയ കണ്ടുപിടുത്തങ്ങള്‍ ജീവിതചര്യയാക്കിയ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഈ പതിനാറുകാരനെ കൈപ്പിടിച്ചുയര്‍ത്താന്‍ സുമനസുകള്‍ തയ്യാറാവുകയാണെങ്കില്‍ നാളെകളില്‍ ഈ നാടിന്റെ അഭിമാനമായി മാറാന്‍ ഈ വിദ്യാര്‍ഥിക്ക് സാധിക്കുമെന്ന അഭിപ്രായത്തിലാണ് അബ്ദുല്‍ ജമാല്‍ സാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."