കൊണ്ടാഴി പഞ്ചായത്തില്‍ വീണ്ടും അവിശ്വാസ പ്രമേയം
ചേലക്കര : യു.ഡി.എഫിന് പ്രസിഡന്റ് പദവിയുള്ള ചേലക്കര നിയോജക മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തില്‍ പ്രസിഡന്റ് ആര്‍. ശ്രീദേവിക്കെതിരേ രണ്ടാം തവണയും അവിശ്വാസ പ്രമേയവുമായി ഇടത് മുന്നണി .
കോണ്‍ഗ്രസില്‍ ഉരുണ്ട് കൂടുകയും നേതൃത്വം മുന്‍കൈ എടുത്തു പരിഹരിക്കാതിരിക്കുകയും ചെയ്യുന്ന പ്രതിസന്ധി മുതലെടുക്കുക എന്ന ലക്ഷ്യവുമായാണ് വൈസ് പ്രസിഡന്റും ഇടതു പ്രതിനിധിയുമായ പി.ആര്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്.
മെമ്പര്‍മാരായ പി. പ്രശാന്തി, എം.പി ഗോവിന്ദന്‍ കുട്ടി , പി.കെ സത്യഭാമ, കെ.കെ പ്രിയംവദ , ടി. രവീന്ദ്രന്‍, കെ.എസ് ബിബിന്‍ കുമാര്‍ എന്നിവരും പ്രമേയത്തില്‍ ഒപ്പിട്ടുണ്ട്.
ഇന്നലെ കാലത്ത് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടിസ് കൈമാറിയത്. ഇതോടെ 15 അംഗ ഭരണസമിതിയില്‍ ഏക ബി.ജെ.പി മെമ്പറുടെ നിലപാട് നിര്‍ണായകമാകും.
ഒരു മുന്നണിക്കും ഏഴു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രതിനിധി ശ്രീദേവി പ്രസിഡന്റും ഇടതു സി.പി.ഐ പ്രതിനിധി പി.ആര്‍ വിശ്വനാഥന്‍ വൈസ് പ്രസിഡന്റുമായത്.
നേരത്തെ പ്രസിഡന്റിനെതിരേ ഇടതു മുന്നണിയും വൈസ് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസും അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാനായിരുന്നില്ല.
രണ്ടു വോട്ടെടുപ്പിലും ബി.ജെ.പി നിഷ്പക്ഷത പാലിക്കുകയായിരുന്നു.
കോണ്‍ഗ്രസ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പി.ആര്‍ പ്രകാശനും പ്രസിഡന്റ് ശ്രീദേവിയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇത്തവണ അതിരൂക്ഷമാണ്.
കഴിഞ്ഞ മാസം നടന്ന പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റിന്റെ രാജി പ്രകാശന്‍ പരസ്യമായി ആവശ്യപ്പെട്ടതു വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കോണ്‍ഗ്രസ് പരിപാടികളിലൊന്നും പ്രകാശന്‍ കുറച്ച് നാളുകളായി പങ്കെടുക്കുന്നുമില്ല. അതിനിടെ അവിശ്വാസ പ്രമേയ നീക്കത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന പ്രകാശന്റെ പ്രസ്താവന യു.ഡി.എഫ് കാംപില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."