പള്ളികളില്‍ കുഴപ്പമുണ്ടാക്കുന്നത് തടയണം; സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: മഹല്ല്, പള്ളി, മദ്റസകളില്‍ സൃഷ്ടിക്കപ്പെടുന്ന കുഴപ്പങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകാലിക സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു ചര്‍ച്ച നടത്തി. പരിഹാര നടപടികള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പു നല്കി.
സമസ്തയുടെ കീഴില്‍ സമാധാനപരമായി പ്രവര്‍ത്തിച്ചുവരുന്ന പള്ളി, മദ്റസകളില്‍ കാന്തപുരം വിഭാഗം ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും അവ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.
മലപ്പുറം ജില്ലയിലെ കക്കോവ്, മൂളപ്പുറം, ചങ്ങാനി, കരുവാങ്കല്ല്, ആക്കോട്, വാവൂര്, പനച്ചി പള്ളിയാളി, കരിപ്പൂര്‍, മുടിക്കോട്, ചാമപ്പറമ്പ്, തച്ചണ്ണ, പള്ളിക്കല്‍ ബസാര്‍, കുന്നുംപുറം, കുട്ടശ്ശേരിച്ചിന, തൃശൂര്‍ ജില്ലയിലെ ആലപ്പനങ്ങാട്, വയനാട് ജില്ലയിലെ തരുവണ കുന്നുമ്മലങ്ങാടി, കോഴിക്കോട് ജില്ലയിലെ മുറമ്പാത്തി, പന്നൂര് തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി.അബ്ദുല്ല മുസ്ലിയാര്, സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, മുക്കം ഉമര്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.എ ജബ്ബാര്‍ ഹാജി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."