മഹേശന്റെ ആത്മഹത്യ: ബി.ഡി.ജെ.എസിന്റെ ഇടത് ബാന്ധവനീക്കം തുലാസില്‍
കൊല്ലം: മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രതിരോധത്തിലായതോടെ ബി.ഡി.ജെ.എസിന്റെ ഇടത് ബാന്ധവനീക്കം തുലാസില്‍. ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ് വാസുവിനെ കേന്ദ്ര സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തള്ളിയതോടെയാണ് ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയുമായി അടുപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂടിയത്. ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ നവോത്ഥാന മതില്‍ രൂപീകരണത്തോട് അനുബന്ധിച്ചായിരുന്നു ബി.ഡി.ജെ.എസില്‍ ഇടതുമുന്നണയുമായി ചേരാനുള്ള ആലോചന സജീവമായത്.
തുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിയും ഉന്നത ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായാണ് സൂചന. ബി.ഡി.ജെ.എസിനെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കുന്നതിന് സി.പി.എമ്മിനും സി.പി.ഐക്കും എതിര്‍പ്പില്ലെന്ന സൂചനയായിരുന്നു തുഷാറുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്. രണ്ട് സി.പി.എം മന്ത്രിമാരും ഒരു സി.പി.എം നേതാവിന്റെ മകനുമാണ് ബി.ഡി.ജെ.എസിന്റെ കാര്യത്തില്‍ താല്‍പര്യം കാട്ടുന്നതെന്നാണ് വിവരം.
ബി.ജെ.പിയുമായിട്ടുള്ള കൂട്ടുകെട്ട് പരസ്യമായി ഒഴിവാക്കി രംഗത്ത് വരണമെന്നാണ് ഇടതുനേതാക്കളുടെ ആവശ്യം. ഇതിനിടെയിലാണ് കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ നടത്തിപ്പിലെ സാമ്പത്തിക തട്ടിപ്പില്‍ വെള്ളാപ്പള്ളിക്കെതിരായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന കെ.കെ മഹേശന്‍ന്റെ ആത്മഹത്യ.
ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന യൂനിയന്‍ നേതാക്കള്‍ ജില്ലാതലങ്ങളില്‍ നേതൃത്വം നല്‍കുന്ന ബി.ഡി ജെ.എസിനെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിനുള്ളിലും സംസാരമുണ്ട്. കൂടാതെ യു.ഡി.എഫിന് അത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാകുകയും ചെയ്യും. എന്‍ഫോഴ്‌മെന്റ് ഡയരക്ടറേറ്റിനെ ഉപയോഗിച്ച് വെള്ളാപ്പള്ളിയെ മെരുക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്നതും ബി.ഡി.ജെ.എസിന്റെ ഇടതുസാധ്യതകളെ പിന്നോട്ടു വലിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."