സെല്‍ഫിയില്‍ കുരുങ്ങി സുരേഷ് ഗോപി
മറയൂര്‍ (ഇടുക്കി): കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ബി.ജെ.പി- സംഘ്പരിവാര്‍ പ്രവര്‍ത്തകരോടൊപ്പം ആഹ്ലാദഭരിതനായി സെല്‍ഫിയെടുത്ത ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ നടപടിക്കെതിരേ പ്രതിഷേധം. അഭിമന്യുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ് ഗോപി വട്ടവടയാകെ സെല്‍ഫിയില്‍ ഒപ്പിയെടുത്ത് നടന്നതാണ് വിവാദത്തിന് കാരണമായത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സുരേഷ് ഗോപി കൊട്ടക്കാമ്പൂരിലെ വീട്ടിലെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു കൈമളും പ്രദേശത്തെ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അഭിമന്യുവിന്റെ വീട്ടിലെത്തി മാതാപിതാക്കളോട് താന്‍ രാഷ്ട്രീയക്കാരനായിട്ടോ സിനിമാ നടനായിട്ടോ അല്ല എത്തിയിരിക്കുന്നതെന്നും ഒരു സാധാരണ മനുഷ്യനായി മാത്രമാണ് എത്തിയിരിക്കുന്നതെന്നും അറിയിച്ചു. പിതാവ് മനോഹരനോട് കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അന്വേഷണത്തില്‍ തൃപ്തനാണെന്നും അറിയിച്ചു. അഭിമന്യുവിന്റെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയതോടെ തന്നിലെ സിനിമാതാരം പുറത്ത് വന്നതാണ് വിനയായത്. കൂടെ ഉണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സിനിമാ നടന്‍ സുരേഷ് ഗോപി എത്തിയിട്ടുണ്ടെന്ന് ഗ്രാമവാസികളെ അറിയിച്ചു. ഇതറിഞ്ഞ് ഗ്രാമവാസികള്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരോടൊപ്പം ചിരിച്ചും ആഹ്ലാദിച്ചും സെല്‍ഫി എടുക്കുന്ന സിനിമാതാരത്തെയാണ് കണ്ടത്. പിന്നീട് പല സ്ഥലങ്ങളിലും പലരോടൊപ്പം സെല്‍ഫിയുടെ പെരുമഴയായിരുന്നു. പൊട്ടിച്ചിരിച്ച് ഒപ്പം നിന്ന് എടുത്ത ചിത്രങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."