ഖബര്‍സ്ഥാനില്‍ കണ്ടെത്തിയ മൃതദേഹം സിദ്ദീഖിന്റേത്
തലശ്ശേരി: ന്യൂമാഹി പെരിങ്ങാടി മമ്മിമുക്ക് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ കാല്പാദം പുറത്തായ നിലയില്‍ കണ്ടെത്തിയ മൃതദേഹം ന്യൂമാഹി വൈദ്യന്റവിടെ പുതിയപുരയില്‍ സിദ്ദീഖി(72)ന്റേതാണെന്നു തിരിച്ചറിഞ്ഞു.
ഇന്നലെ രാവിലെ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, തലശ്ശേരി തഹസില്‍ദാര്‍ കെ.രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഖബറിടത്തില്‍ നിന്നു മൃതദേഹം പുറത്തെടുത്തിരുന്നു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടവും ഖബര്‍സ്ഥാനില്‍ തന്നെ നടത്തി. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം സിദ്ദീഖിന്റേതാണെന്നു തിരിച്ചറിഞ്ഞത്. സിദ്ദീഖിന്റെ കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്തു കൊന്നു കുഴിച്ചുമൂടിയതാണെന്നു പൊലിസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങാടി, പിണറായി, കൂത്തുപറമ്പ് പ്രദേശങ്ങളിലെ മൂന്നുപേരെ ന്യൂമാഹി പൊലിസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ തലശ്ശേരി ഡിവൈ.എസ്.പി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ രാവിലെ എട്ടോടെ കണ്ണൂരില്‍ നിന്നെത്തിയ പൊലിസ് നായ മാഹി റെയില്‍വെ പാലം റോഡിലൂടെ ഓടി സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു പ്ലാസ്റ്റിക് സഞ്ചിയില്‍ മണം പിടിച്ചു. ഈ സഞ്ചിയില്‍ നിന്നു ബീഡിക്കുറ്റികളും ഒരു നീലത്തൂവാലയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈല്‍ ഫോണും ഷര്‍ട്ടും കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്.
ജില്ലാ പൊലിസ് ചീഫ് സഞ്ജയ്കുമാര്‍ ഗുരുഡീന്‍, തലശ്ശേരി ഡിവൈ.എസ്.പി സാജുപോള്‍, പാനൂര്‍ സി.ഐ അബ്ദുല്‍ വഹാബ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരേതരായ മമ്മി-റുഖിയ ദമ്പതികളുടെ മകനാണ് മരിച്ച സിദ്ദിഖ്. ഭാര്യ: പരേതയായ ഖദീജ. മകള്‍: റുഖിയ. സഹോദരങ്ങള്‍: പി.വി.സി കുഞ്ഞഹമ്മദ്, ഹാഷിം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."