വെട്ടുകിളികള്‍ തലസ്ഥാനത്തും
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കൃഷിനാശമുണ്ടാക്കിയ വെട്ടുകിളികള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ യു.പി-ഡല്‍ഹി അതിര്‍ത്തിയിലെത്തിയ വെട്ടുകിളിക്കൂട്ടം വൈകിട്ടോടെ ഡല്ഹിയിലുമെത്തിയെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്.
ഡല്‍ഹിക്കു പുറമേ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയവും അറിയിച്ചു. ഡല്‍ഹിയില്‍ വെട്ടുകിളി ആക്രമണ സാഹചര്യം നേരിടാന്‍ ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍, വിമാന സര്‍വിസുകളെ നിലവില്‍ ഇതു ബാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം പാകിസ്താനില്‍ വെട്ടുകിളി ആക്രമണം രൂക്ഷമായതിനു പിന്നാലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇവ കൂട്ടത്തോടെ എത്തിയിരുന്നു. വന്‍തോതില്‍ കൃഷിനാശം വരുത്തുന്ന ഇവയെ തുരത്താനാകാതെ കര്‍ഷകര്‍ പ്രയാസത്തിലാകുകയും ചെയ്തിരുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു നേരത്തെയും വെട്ടുകിളി ശല്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."