വിദേശത്തുനിന്ന് കടത്തിയ സ്വര്‍ണം കൈമാറുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍
കൊല്ലം: വിദേശത്തുനിന്നു കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കൈമാറുന്നതിനിടെ കോഴിക്കോട് കൊടുവള്ളി സ്വദേശികള്‍ അടക്കം മൂന്നുപേര്‍ ചാത്തന്നൂരില്‍ പൊലിസിന്റെ പിടിയിലായി. കൊടുവള്ളി മൂലയില്‍ ഹൗസില്‍ ഷമീര്‍(35), കൊടുവള്ളി കണ്ണാടിപൊയില്‍ മുഹമ്മദ്(40), ദുബൈയില്‍നിന്നു സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ചാത്തന്നൂര്‍ കാരംകോടു ജെ.എസ്.എം ആശുപത്രിക്ക് സമീപം വിസ്മയയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ജോസ്ദാസ്(40) എന്നിവരാണ് പിടിയിലായത്.
പതിനേഴുലക്ഷം രൂപ വില വരുന്ന 340ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ശനിയാഴ്ച ജോസ്ദാസ് ആദിച്ചനല്ലൂര്‍ അടിമുക്കിലെ സുഹൃത്തിന്റെ വീട്ടിലേക്ക് ക്വാറന്റൈനായെത്തിയിരുന്നു. ജോസ് ദാസ് ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് തൊട്ടുപിന്നാലെ ഷമീറും മുഹമ്മദും കാറിലെത്തി. വീട്ടില്‍വച്ച് സ്വര്‍ണം കൈമാറി. പുലര്‍ച്ചെ നാലോടെ ഷമീറിനെയും മുഹമ്മദിനെയും യാത്രയാക്കാന്‍ റോഡിലേക്കുവന്ന ജോസിനെയും അതുവഴിയെത്തിയ പൊലിസ് നൈറ്റ് പട്രോളിംഗ് സംഘം സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. കണ്ണനലൂര്‍ സി.ഐ വിപിന്റെ നേതൃത്വത്തില്‍ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. കേസില്‍ പൊലിസ് കൂടുതല്‍ അന്വേഷണം നടത്തും. ചാത്തന്നൂര്‍ എസ്.ഐ റിനോഡസ്, എ.എസ്.ഐ രാമചന്ദ്രന് എന്നിവരും പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."