ശബരിമല തീര്‍ഥാടനം: പൊലിസ് മുന്നൊരുക്കം ആരംഭിച്ചു
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇതു സംബന്ധിച്ച് സംസ്ഥാന പൊലിസ് ആസ്ഥാനത്തു നടന്ന യോഗം തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം പഴുതടച്ച സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചു.
സുരക്ഷ ഒരുക്കുമ്പോള്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിരീക്ഷണ കാമറകള്‍, സുരക്ഷാ സ്‌കാനറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ പ്രയോജനപ്പെടുത്തിയുള്ള സുരക്ഷയാണ് ഒരുക്കുക. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് പൊലിസിന്റെ ജനമൈത്രി, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം മെച്ചപ്പെടുത്തി കാര്യക്ഷമമാക്കാനുള്ള നടപടികളും ഉണ്ടാകും. റോഡിലെ അറിയിപ്പു ബോര്‍ഡുകള്‍ എല്ലാ ഭാഷകളിലും കൂടുതല്‍ പോയിന്റുകളില്‍ സ്ഥാപിക്കും. പാര്‍ക്കിങ് സൗകര്യങ്ങള്‍ സൗകര്യപ്രദമായി ഏര്‍പ്പെടുത്തും.
ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലിസ് സേനാംഗങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പൊലിസ് മേധാവി നിര്‍ദേശിച്ചു. ശബരിമല ചീഫ് പൊലിസ് കോ ഓര്‍ഡിനേറ്ററായി എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിനെ നാമനിര്‍ദേശം ചെയ്തു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ പൊലിസ് പദ്ധതിനിര്‍ദേശങ്ങള്‍ പ്രാദേശികാവശ്യങ്ങള്‍ കണക്കിലെടുത്തും ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചും തയാറാക്കി നല്‍കണമെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.
അടുത്ത പത്തു വര്‍ഷത്തെ തീര്‍ഥാടനാവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകും പദ്ധതികള്‍ നടപ്പാക്കുക. ജില്ലാ പൊലിസ് മേധാവിമാര്‍ പദ്ധതി നിര്‍ദേശങ്ങള്‍ ആഗസ്റ്റ് 15-നകം നല്‍കണം. എ.ഡി.ജി.പി.മാരായ ഡോ.ബി.സന്ധ്യ, നിതിന്‍ അഗര്‍വാള്‍, എസ്.ആനന്ദകൃഷ്ണന്‍, ഐ.ജി.മാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, എസ്.പി.മാരായ എ.അക്ബര്‍, എസ്.കാളിരാജ് മഹേഷ്‌കുമാര്‍, എ.വി.ജോര്‍ജ്, ജി.സോമശേഖരന്‍, എന്‍.രാമചന്ദ്രന്‍, ഹരിശങ്കര്‍, ഗോപാല്‍കൃഷ്ണന്‍.വി, അശോക്കുമാര്‍.പി, കമാന്‍ഡന്റ് പി.വി.വില്‍സണ്‍, ഡിവൈ.എസ്.പി. എസ്.അനില്‍കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.ടി.ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."