ബ്ലാക്ക് മെയിലിങ് കേസ്: സംഘം 18 പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയെന്ന് പൊലിസ്
കൊച്ചി: ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികള്‍ 18 പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയെന്ന് പൊലിസ് കണ്ടെത്തല്‍. സംഭവത്തില്‍ ഇതുവരെ ആറ് കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. ഒന്‍പത് പെണ്‍കുട്ടികളുടെ മൊഴി എടുത്തിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ വരുംദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യും. പരാതി പിന്‍വലിക്കാന്‍ മോഡലും പരാതിക്കാരിയുമായ യുവതിക്കുമേല്‍ പ്രതി റഫീഖ് സമ്മര്‍ദം ചെലുത്തിയതായും പൊലിസ് വ്യക്തമാക്കി. നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പാണ് ഇയാള്‍ മോഡലായ യുവതിയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനായി റഫീഖ് പലവട്ടം വിളിച്ചിരുന്നു.
സ്വര്‍ണവും പണവും പൊലിസ് സാന്നിധ്യത്തില്‍ തിരിച്ച് നല്‍കാമെന്നും ഇയാള്‍ യുവതിയെ അറിയിച്ചിരുന്നതായും വ്യക്തമായി. എന്നാല്‍ ഇവ നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണി തുടര്‍ന്നെന്നും യുവതി പറഞ്ഞു. മോഡലിങിനെന്ന പേരില്‍ പാലക്കാട്ടെ ഹോട്ടലില്‍ എത്തിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ മാര്‍ച്ച് 16നാണ് പെണ്‍കുട്ടികള്‍ എറണാകുളം നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കിയത്. യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ മീരയും കേസില്‍ പ്രതിയാകും. ഇടുക്കി സ്വദേശിനിയായ ഒരു യുവതിക്കെതിരേയും സമാന പരാതിയുണ്ട്. അതേസമയം ഷംന കാസിമിന്റെ മൊഴി ഇന്നു രേഖപ്പെടുത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."