വര്‍ക്കിങ് അറേഞ്ച്‌മെന്റ് ഡ്യൂട്ടി: ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്നു ഋഷിരാജ് സിങ്
കണ്ണൂര്‍: എക്‌സൈസ് വകുപ്പില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് ഡ്യൂട്ടിപ്രകാരം വന്ന എല്ലാ ഉദ്യോഗസ്ഥരെയും മടക്കി അവരവരുടെ ജില്ലയിലേക്ക് അയക്കണമെന്നു ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ അന്ത്യശാസനം. ജില്ലയ്ക്കുള്ളില്‍ ഒരു റെയ്ഞ്ചില്‍ പോസ്റ്റിങ് നല്‍കി മറ്റൊരു റെയ്ഞ്ചില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് പ്രകാരം നിയോഗിച്ചവരെയും മടക്കി അയക്കണമെന്ന് ഈ മാസം എട്ടിനിറക്കിയ ഉത്തരവില്‍ ഋഷിരാജ് സിങ് വ്യക്തമാക്കി. നിര്‍ദേശം ഇന്നു വൈകുന്നേരം അഞ്ചിനകം നടപ്പാക്കി 16നു വൈകുന്നേരം അഞ്ചിനകം നടപടി റിപ്പോര്‍ട്ട് നല്‍കണമെന്നും സിങ് ഇറക്കിയ അടിയന്തര ഉത്തരവില്‍ പറയുന്നു.
സ്‌പെഷല്‍, വര്‍ക്കിങ് അറേഞ്ച്‌മെന്റ് ഡ്യൂട്ടികളില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍, പ്രിവന്റീവ് ഓഫിസര്‍മാര്‍ എന്നിവരെ മാറ്റിനിയമിച്ചതു കാരണം ദൈനംദിന ഡ്യൂട്ടികള്‍ക്കായുള്ള അംഗബലം ലഭ്യമല്ലെന്നു എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റെടുത്ത ശേഷം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഋഷിരാജ് സിങിനു പരാതികള്‍ ലഭിച്ചിരുന്നു. സ്വന്തം ജില്ലയില്‍ നിന്നു മാറി മറ്റു ജില്ലകളില്‍ പോസ്റ്റിങ് ലഭിച്ച ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് പ്രകാരം വീട് ഉള്‍പ്പെടുന്ന ജില്ലയില്‍ ജോലിചെയ്യുന്നുണ്ടെന്നും കമ്മിഷണറായ ശേഷം നടത്തിയ പരിശോധനയില്‍ സിങ് കണ്ടെത്തിയിരുന്നു. ഇതുകാരണം പല ഓഫിസുകളിലും തസ്തികയുണ്ടായിട്ടും ആവശ്യത്തിനു ജോലിക്കാരില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മിഷണറുടെ നടപടി. ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ ഓഫിസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളില്‍ ജോലിചെയ്തുവരുന്ന മൂന്നുവര്‍ഷം കഴിഞ്ഞ ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കണം. വര്‍ക്കിങ് അറേഞ്ച്‌മെന്റ്, സ്‌പെഷല്‍ ഡ്യൂട്ടികളില്‍ അനുമതിയില്ലാതെ ആരെയും നിയമിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ മുന്‍ ഉത്തരവുകള്‍ പിന്‍വലിച്ചതായും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."