നമ്പര്‍പ്ലേറ്റ് കാലുകൊണ്ടു മറച്ച് നിരീക്ഷണ കാമറയെ കൊഞ്ഞനംകുത്തി ചീറിപ്പാഞ്ഞു; എംവിഐ വീട്ടിലെത്തി 3000 രൂപ പിഴയിട്ടു
തളിപ്പറമ്പ്: ചെങ്ങളായി ടൗണിനു സമീപം തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ സ്ഥാപിച്ച ആര്‍.ടി.ഒ നിരീക്ഷണ കാമറയെ കബളിപ്പിച്ച് അതിവേഗത്തില്‍ ബൈക്ക് ഓടിച്ച യുവാക്കളെ കണ്ടെത്തിയ എംവിഐയും സംഘവും യുവാക്കളുടെ വീട്ടിലെത്തി ബോധവല്‍ക്കരണം നടത്തി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് സംഭവം. രാത്രി പന്ത്രണ്ടു മണിയോടെ മിനിട്ടുകളുടെ വ്യത്യാസത്തില്‍ അമിതവേഗത്തില്‍ മൂന്ന് ബൈക്കുകളിലായി സഞ്ചരിച്ച യുവാക്കള്‍ കാമറയില്‍ നോക്കി ഗോഷ്ടികള്‍ കാണിച്ച് കടന്നുപോവുകയായിരുന്നു.
കാലുകള്‍ കൊണ്ട് വാഹനത്തിന്റെ നമ്പര്‍ മറച്ചിരുന്നുവെങ്കിലും ഒരു ബൈക്കിന്റെ KL59 K 4303എന്ന നമ്പര്‍ കാമറയില്‍ പതിഞ്ഞിരുന്നു. തളിപ്പറമ്പ് എം.വി.ഐ ജെ.എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്ലാത്തോട്ടത്തിലുള്ള യുവാവിന്റെതായിരുന്നു ബൈക്ക് എന്ന് കണ്ടെത്തുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ കണ്ടെത്തുകയും ചെയ്തു.
എം.വി.ഐ ജെ.എസ്.ശ്രീകുമാറിന്റെയും തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദിന്റെയും നേതൃത്വത്തിലുള്ള സംഘം ബൈക്കുടമസ്ഥന്റെ പ്ലാത്തോട്ടത്തിലുള്ള വീട്ടിലെത്തി സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ഇവരില്‍ നിന്നു 3000രൂപ പിഴ ഈടാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."