തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയില്‍ ഗ്രൂപ്പ് പോര് ശക്തം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പ് പോരും ശക്തമായി. ഒരിടവേളയില്‍ നിശബ്ദമായിരുന്ന ശേഷമാണ് നേതാക്കള്‍ പരസ്പരം പോരടിക്കുന്നതിലേക്ക് ബി.ജെ.പി ഗ്രൂപ്പ് പോര് എത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര മന്ത്രി വി.മുരളീധരനെതിരേ വെടിപൊട്ടിച്ച് കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയത്. ആരോപണം കമ്മിറ്റിയില്‍ ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതും ഗ്രൂപ്പ് പോരിന്റെ ഭാഗമായാണെന്നു പറയുന്നു. എന്നാല്‍ കേന്ദ്ര മന്ത്രിക്കെതിരേ യോഗത്തില്‍ ആരോപണമൊന്നും ഉയര്‍ന്നിട്ടില്ലെന്നാണ് മന്ത്രിയുടെ ഗ്രൂപ്പുകാരന് തന്നെയായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പിന്നീട് പറഞ്ഞത്.
കെ.സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന കൃഷ്ണദാസ് പക്ഷം ആ തീരുമാനത്തിന്റെ പേരില്‍തന്നെ വലിയ പ്രതിഷേധത്തിലായിരുന്നു. മറ്റു പോംവഴികളില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് അവര്‍ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ചു മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. സുരേന്ദ്രന്റെ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് ആര്.എസ്.എസ് ഉള്‍പ്പടെ വിലയിരുത്തിയിരുന്നതെങ്കിലും അണികള്‍ക്കൊപ്പം അവരും നിരാശരാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന വിഷയങ്ങളില്‍പോലും സമരം നടത്തേണ്ടിവന്ന സാഹചര്യവും ബി.ജെ.പിക്കുണ്ടായി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുകൂടി വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മറികടന്നുള്ള ഒരു പ്രതിപക്ഷ പ്രവര്‍ത്തനം വേണമെന്ന നിര്‍ദേശം ആര്.എസ്.എസില്‍നിന്നും ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. നിലവിലുള്ള അണികളെതന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയ സമര പരിപാടികള്‍ നടത്തുന്നതിനാണ് ബി.ജെ.പിയുടെ തീരുമാനം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായതിനൊപ്പം സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."