മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ തമ്മിലടി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണത്തിലേറിയ ബി.ജെ.പിയിലും പാളയത്തില്‍ പട. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ കൈലേഷ് വിജയവര്‍ഗിയ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നെന്ന ആരോപണമുയര്‍ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഭന്‍വര്‍ സിങ് ഷെഖാവതാണ് രംഗത്തെത്തിയത്.
മധ്യപ്രദേശില്‍ മൂന്നു മാസം മാത്രം പിന്നിട്ട ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
കൈലേഷ് വിജയവര്‍ഗിയ പാര്‍ട്ടിയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ കരുക്കള്‍ നീക്കിയെന്നുമാണ് ഭന്‍വര്‍ സിങ് ഷെഖാവത് ആരോപിച്ചിരിക്കുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെടാന്‍ കാരണമായത് വിജയവര്‍ഗിയയുടെ ഗ്രൂപ്പുകളിയാണെന്നും ഷെഖാവത് ആരോപിച്ചിട്ടുണ്ട്.
അന്നു ബദ്‌നവാറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന തന്നെ വിജയവര്‍ഗിയ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പിക്കുകയായിരുന്നെന്നും പല മണ്ഡലങ്ങളിലും അദ്ദേഹം ഇത്തരം നീക്കം നടത്തിയിരുന്നെന്നും ഷെഖാവത് ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകാനായിരുന്നു ഈ കളിയെന്നാണ് ആരോപണം.
പന്ത്രണ്ടിലേറെ മണ്ഡലങ്ങളില്‍ വിജയവര്‍ഗിയ ഇത്തരത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ മറ്റു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നും അവരുടെ ചെലവുകള്‍ വഹിച്ചെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴും മുഖ്യമന്ത്രിസ്ഥാനത്തിനായി വിജയവര്‍ഗിയ കരുക്കള്‍ നീക്കിയിരുന്നു.
2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114 സീറ്റും ബി.ജെ.പിക്കു 109 സീറ്റുമാണ് ലഭിച്ചിരുന്നത്. തുടര്‍ന്ന് ബദ്‌നവാറിലെയടക്കമുള്ള 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി രാജിവച്ചതോടെയാണ് ബി.ജെ.പി ഭരണം പിടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."