സിവില്‍ എന്‍ജിനിയറായ മലയാളി യുവതി, സഊദിയില്‍ വീട്ടുജോലി; ഒടുവില്‍ നാട്ടിലേക്ക് മടങ്ങി
നിസാര്‍ കലയത്ത്
ജിദ്ദ: സിവില്‍ എന്‍ജിനീറിങ് ബിരുദധാരിയായ മലയാളി യുവതി കുടുംബപ്രാരാബ്ദം മൂലം സഊദി അറേബ്യയില്‍ വീട്ടുജോലിക്ക് എത്തി, മോശം ജോലി സാഹചര്യങ്ങളില്‍ വലഞ്ഞു നിയമക്കുരുക്കുകളില്‍ പെട്ട് ദുരിതത്തിലായി ഒടുവില്‍ ജീവകാരുണ്യ പ്രവര്‍ത്തകരുടെയും എംബസിയുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.
ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി സൗമ്യയെന്ന 26കാരിയാണ് , ചെറിയ പ്രായത്തില്‍ കുടുംബത്തെ പോറ്റാനായി പ്രവാസലോകത്തെത്തി ദുരിതത്തിലായത്. 35 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് സഊദിയില്‍ വീട്ടുജോലിയ്ക്ക് എത്താന്‍ നിയമതടസ്സം ഉണ്ടായിട്ടും, മനുഷ്യക്കടത്ത് ലോബിയാണ് ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ മറവില്‍ അവരെ സഊദിയില്‍ എത്തിച്ചത്.
സിവില്‍ എന്‍ജിനീയര്‍ ആയ സൗമ്യ നാട്ടില്‍ തുച്ച വരുമാനത്തില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചു പോയ സൗമ്യ, അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമായിരുന്നു താമസം. അപ്പോഴാണ് ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി സഊദിയില്‍ 1500 റിയാല്‍ ശമ്പളം കിട്ടുന്ന വീട്ടുജോലിയ്ക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞ് സൗമ്യയെ സമീപിച്ചത്. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിയ്ക്കുകയും, ജീവിതത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്ത്, സൗമ്യ ആ ജോലിവാഗ്ദാനം സ്വീകരിച്ചു.
സഊദിയില്‍ ഓഫിസ് ജോലിയ്ക്കാണ് പോവുന്നതെന്ന് അമ്മയെയും വീട്ടുകാരെയും വിശ്വസിപ്പിച്ച്, സൗമ്യ റിയാദില്‍ ഒരു സഊദി ഭവനത്തില്‍ രണ്ടു വര്‍ഷം മുന്‍പ് ജോലിയ്ക്ക് എത്തി. ആ വീട്ടില്‍ വളരെ മോശമായ ജോലി സാഹചര്യങ്ങളാണ് സൗമ്യയ്ക്ക് നേരിടേണ്ടി വന്നത്. ഒരു വര്‍ഷം അവിടെ ജോലി ചെയ്ത സൗമ്യ, അവിടത്തെ മാനസിക പീഢനം സഹിയ്ക്കാന്‍ വയ്യാതെ, ഏജന്‍സിയുടെ സഹായത്തോടെ അവിടത്തെ ജോലി മതിയാക്കി, ദമ്മാമിലെ മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് എത്തി.
പുതിയ സ്‌പോണ്‍സര്‍ നല്ല മനുഷ്യനായിരുന്നു. ശമ്പളം കൃത്യമായി കൊടുക്കുമായിരുന്നു.എന്നാല്‍ ആ വീട്ടിലെ സ്ത്രീകളില്‍ നിന്നും മോശമായ പെരുമാറ്റമാണ് ഏല്‍ക്കേണ്ടി വന്നത് എന്ന് സൗമ്യ പറയുന്നു. അവരുടെ ദേഹോപദ്രവം സഹിയ്ക്കാന്‍ വയ്യാതെ സൗമ്യ നാട്ടിലെ കുടുംബത്തെ വിവരമറിയിച്ചു.
ഇതിനിടെ സൗമ്യ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന് പൊലിസ് സ്‌റ്റേഷനില്‍ പോയി സഹായം അഭ്യര്‍ത്ഥിച്ചു. പൊലിസുകാര്‍ സൗമ്യയെ ദമ്മാം വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു.
സൗമ്യയെപ്പറ്റി ഒരു വിവരവും കിട്ടാത്ത വീട്ടുകാര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാടിനെ ബന്ധപ്പെട്ട് സൗമ്യയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഷാജി ഈ കേസ് ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന് കൈമാറുകയായിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ദമാം വനിതാ അഭയകേന്ദ്രത്തില്‍ സൗമ്യയെ കണ്ടെത്തി. തുടര്‍ന്ന് മഞ്ജു സൗമ്യയുടെ സ്‌പോണ്‍സറെ വിളിച്ചു സംസാരിച്ചെങ്കിലും, ആദ്യമൊന്നും സഹകരിയ്ക്കാന്‍ അയാള്‍ തയ്യാറായില്ല. നിരന്തരമായ ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ അഭയകേന്ദ്രത്തില്‍ വരാതെ സ്‌പോണ്‍സര്‍ സമയം നീട്ടികൊണ്ടു പോയി. ഒടുവില്‍ മഞ്ജു ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സൗമ്യയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."