ജലശേഖരം 80 ശതമാനം കവിയും: കെ.എസ്.ഇ.ബി വിലയിരുത്തുന്നു
തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 40 ദിവസം പിന്നിട്ടപ്പോള്‍ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകള്‍ പകുതി നിറഞ്ഞു. തുലാമഴകൂടി ശക്തമായാല്‍ ജലശേഖരം 80 ശതമാനം കവിയുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍.
കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗവും ജലവിനിയോഗ സെല്ലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. ഇന്നലത്തെ കണക്കനുസരിച്ച് 2035.604 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മൊത്തം സംഭരണശേഷിയുടെ 49.4 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇതിന്റെ പകുതി (865.521 ദശലക്ഷം യൂനിറ്റിനുള്ളത്) താഴെ വെള്ളമേ ഉണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ 24 മണിക്കൂറായി പദ്ധതി പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ട്. ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പകുതി നിറഞ്ഞു. 2353.74 അടിയാണ് ഇവിടുത്തെ ഇന്നലത്തെ ജലനിരപ്പ്. 1074.105 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം നിലവില്‍ ഇടുക്കിയിലുണ്ട്. വൈദ്യുതി ഉല്‍പാദനം കുറച്ച് കരുതല്‍ സംഭരണിയായ ഇടുക്കിയില്‍ പരമാവധി ജലം സംഭരിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. 2.283 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് മൂലമറ്റം പവര്‍ ഹൗസില്‍ ഇന്നലെ ഉല്‍പാദിപ്പിച്ചത്. 6 ജനറേറ്ററുകളില്‍ നാലെണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ജനറേറ്റര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും മറ്റൊന്ന് വാര്‍ഷിക അറ്റകുറ്റപ്പണിയിലുമാണ്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയില്‍ ആറ് ജനറേറ്ററുകളില്‍ അഞ്ചിലും പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കുന്നു. 5.261 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ഉല്‍പാദിപ്പിച്ചു. ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകളായ പമ്പ, കക്കി എന്നിവിടങ്ങളിലെ ജലനിരപ്പ് 48 ശതമാനമായി. വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍. ഇടമലയാര്‍ 44, പമ്പ 48, ഷോളയാര്‍ 44, മാട്ടുപ്പെട്ടി 51, പൊന്മുടി 73, നേര്യമംഗലം 55, ലോവര്‍പെരിയാര്‍ 57, കുറ്റ്യാടി 62, കുണ്ടള 26, ആനയിറങ്കല്‍ 13.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷമാണ് മികച്ച നീരൊഴുക്ക്. 2014ല്‍ 664.519, 2015ല്‍ 1684.756, 2016ല്‍ 1264.409, 2017ല്‍ 865.521 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇതേദിവസം ഉണ്ടായിരുന്നത്. 66.885 ദശലക്ഷം യൂനിറ്റ് വൈദ്യുതിയായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ മൊത്തം ഉപഭോഗം. ഇതില്‍ 19.819 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനവും 66.885 ദശലക്ഷം യൂനിറ്റ് പുറമേനിന്നുള്ളതുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."