സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 36,160
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ ഗ്രാമിന് 360 രൂപ വര്‍ധിച്ച് പവന് 36,160 രൂപയായി. ഇതാദ്യമായാണ് സ്വര്‍ണവില പവന് 36,000 രൂപയ്ക്ക് മുകളിലെത്തുന്നത്.
ജൂണ്‍ അവസാനത്തോടെയാണ് സ്വര്‍ണവില ദിനംപ്രതി റെക്കോര്‍ഡ് ഭേദിക്കാന്‍ തുടങ്ങിയത്. ഒരു ദിവസം രണ്ടുതവണ വിലകൂടുന്ന അവസ്ഥ വരെയുണ്ടായി. ജൂണില്‍ ഏഴുതവണയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിയത്. ജൂണ്‍ 27ന് സ്വര്‍ണവില പവന് 35,920 രൂപയിലെത്തിയെങ്കിലും മൂന്നുദിവസം ഇതേവിലയില്‍ തുടര്‍ന്നശേഷം 30ന് പവന് 35,800 രൂപയായി കുറഞ്ഞിരുന്നു.
വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷക്കിടെയാണ് ഇന്നലെ കുത്തനെ ഉയര്‍ന്ന് വീണ്ടും റെക്കോര്‍ഡ് ഭേദിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പുറമെ കൊവിഡിനെ തുടര്‍ന്ന് ഓഹരിവിപണികളിലെ തകര്‍ച്ചയും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്.
ആഗോള നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില ഉയരാന്‍ കാരണം. ഈ വര്‍ഷം ഇതുവരെ പവന് 7,160 രൂപയാണ് വര്‍ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."