ആംബുലന്‍സ് മലകയറി, 'തിരിച്ചിറങ്ങിയില്ല!'
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നു ശബരിമലയിലേക്കു താല്‍ക്കാലികമായി കൊണ്ടുപോയ ആംബുലന്‍സ് തിരിച്ചെത്തിക്കുന്നതിന് ഇടപെടലുകളില്ല. സാധാരണക്കാരായ രോഗികള്‍ക്ക് ഇതോടെ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭ്യമായ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് തിരികെയെടുക്കുന്നെന്ന പരാതി ഇതോടെ ശക്തമായിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളജിന് അനുവദിച്ച ആംബുലന്‍സിനെ ചൊല്ലിയാണ് വ്യാപകമായ പരാതി ഉയരുന്നത്. മെഡിക്കല്‍ കോളജില്‍ സൗകര്യപ്രദമായ ആംബുലന്‍സുപോലും സാധാരണക്കാര്‍ക്കു ലഭ്യമല്ലെന്നതാണ് വസ്തുത. ഉണ്ടായിരുന്ന ആംബുലന്‍സ് കഴിഞ്ഞ ഒക്ടോബറിലാണ് ശബരിമലയിലേക്കു പ്രത്യേക ഡ്യൂട്ടിക്കായി അനുവദിച്ചത്. മാസങ്ങളേറെ പിന്നിട്ടിട്ടും വാഹനം മഞ്ചേരിയില്‍ തിരിച്ചെത്തിക്കാന്‍ നടപടിയായിട്ടില്ല.
ഇതിനെതിരേ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ രംഗത്തുവന്നിരുന്നു. ശബരിമലയില്‍ എല്ലാ വര്‍ഷവും ആംബുലന്‍സ് ആവശ്യമാണെന്നിരിക്കെ അതിനു സ്ഥിര സംവിധാനങ്ങളൊരുക്കാതെ പരിമിത സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജിലെ ആംബുലന്‍സുകള്‍ കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എല്‍.എ പറഞ്ഞു. ആംബുലന്‍സ് സമയബന്ധിതമായി എത്തിക്കുന്നതിലും ഗുരുതര അലംഭാവമാണ് ആരോഗ്യവകുപ്പില്‍നിന്നുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഈയിടെ അര്‍ബുദ ബാധയെ തുടര്‍ന്നു മരിച്ച കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം ബന്ധുക്കള്‍ സ്വകാര്യ വാഹനത്തില്‍ ഡിക്കിയിലിട്ടു കൊണ്ടുപോയിരുന്നതു വിവാദമായിരുന്നു. നിലവില്‍ രണ്ടു ചെറിയ ആംബുലന്‍സുകള്‍ മാത്രമാണ് മെഡിക്കല്‍ കോളജിലുള്ളത്. ഇവയില്‍ അത്യാവശ്യ സംവിധാനങ്ങള്‍പോലുമില്ല. വെന്റിലേറ്റര്‍ സൗകര്യമൊഴികെയുള്ള അവശ്യ സംവിധാനങ്ങളുള്ള ആംബുലന്‍സ് മഞ്ചേരിയിലില്ലാത്തതിനാല്‍ സ്വകാര്യ അംബുലന്‍സുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാന്‍പോലും ബദല്‍ സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുമില്ല. ഇക്കാര്യത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."