മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസ് അവസാനിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാംനമ്പര്‍ കോടതി ജൂലൈ 24ന് പരിഗണിക്കാനിരുന്ന കേസ് മുന്‍കൂറായി വിളിപ്പിച്ച് കേസ് പിന്‍വലിക്കാനുള്ള ഹരജി സമര്‍പ്പിച്ചു.
ക്രിമിനല്‍ നടപടിനിയമം 321ാം വകുപ്പ് പ്രകാരമാണ് കേസ് പിന്‍വലിക്കാനുള്ള അസാധാരണ നടപടിക്കായി സര്‍ക്കാര്‍ കഴിഞ്ഞ 26ന് അപേക്ഷ നല്‍കിയത്. മോഹന്‍ലാല്‍ 24ന് ഹാജരായി ജാമ്യമെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതി കോടതിയില്‍ ഹാജരാവാതെ കേസ് തീര്‍പ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ രണ്ട് റിട്ട് ഹരജികള്‍ നിലനില്‍ക്കുന്നതിനാല്‍ ബന്ധപ്പെട്ടവരെകൂടി കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി അനുമതി നല്‍കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഹാജരാക്കാന്‍ പെരുമ്പാവൂര്‍ കോടതി റിട്ട് ഹരജിയിലെ കക്ഷികളോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വാദിയായ ക്രിമിനല്‍ കേസില്‍ മൂന്നാംകക്ഷിയെ അനുവദിക്കുന്ന അത്യപൂര്‍വ നടപടിയാണിത്. സാധാരണയായി കേസുകള്‍ അവസാനിപ്പിക്കണമെന്ന പരാതികള്‍ എത്രയുംവേഗം തീര്‍പ്പാക്കുകയാണ് പതിവ്.
2012ലാണ് മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ക്രൈം ആന്‍ഡ് ഒക്കറന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്. മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ക്കായി വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ആനക്കൊമ്പുകള്‍ മേശപ്പുറത്തും രണ്ടെണ്ണം കണ്ണാടിക്ക് ഇരുവശങ്ങളിലുമായാണ് കണ്ടത്. ഇവയുടെ വിവരണങ്ങളാണ് ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താന്‍ 65,000 രൂപ നല്‍കിയാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആനക്കൊമ്പുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ മോഹന്‍ലാല്‍ പറയുന്നു.
അതേസമയം, നാല് ആനക്കൊമ്പുകള്‍ക്കൊപ്പം ആനക്കൊമ്പ് കൊണ്ട് നിര്‍മിച്ച 13 വിവിധ ശില്‍പങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒക്കറന്‍സ് റിപ്പോര്‍ട്ടിനുശേഷം ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം വനംവകുപ്പ് മോഹന്‍ലാലിന് നല്‍കി.
ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.എ പൗലോസ് അഭിഭാഷകരായ ഡോ.അബ്രഹാം മേച്ചിങ്കര, അഡ്വ.ലാലു മാത്യു എന്നിവര്‍ മുഖേനയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ജയിംസ് മാത്യു റിട്ട് ഹരജിയോടൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വനംവകുപ്പിന്റെ ഇന്‍വെന്ററി റിപ്പോര്‍ട്ടോടെയാണ് ആനക്കൊമ്പില്‍ നിര്‍മിച്ച 13 ശില്‍പ്പങ്ങള്‍കൂടി ഉണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഒക്കറന്‍സ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷവും തുടര്‍നടപടികളൊന്നും സ്വീകരിക്കാതിരുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നിയമം അനുശാസിക്കുന്ന നടപടി സ്വീകരിക്കണമെന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതേതുടര്‍ന്ന് 2019ലാണ് വനംവകുപ്പ് അന്തിമ കുറ്റപത്രം ഫയല്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്തതിനാല്‍ മോഹന്‍ലാലിനെ അറസ്റ്റ് ചെയ്തില്ല.
കേസില്‍ കോടതി മോഹന്‍ലാലിന് സമന്‍സ് അയച്ചിരുന്നുവെങ്കിലും കോടതിയിലെത്തി ജാമ്യമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."