ആയുഷ്മാന്‍ ഭാരത് പദ്ധതി: താല്‍പര്യമില്ലാതെ ബി.ജെ.പി സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കല്‍ അവതാളത്തില്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും പദ്ധതി സ്വീകരിക്കാന്‍ തയാറാവാത്ത അവസ്ഥയാണുള്ളത്.
രാജ്യത്തെ അമ്പത് കോടി ജനങ്ങള്‍ക്ക് ഗുണകരമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. 2018-19 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് അടുത്ത മാസമാണ് തുടങ്ങേണ്ടത്.
ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനും മഹരാഷ്ട്രയും പദ്ധതി വേണ്ടെന്ന നിലപാടിലാണ്. പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ഇതെങ്ങിനെ നടപ്പാക്കുമെന്ന് പറയാന്‍ സാധിക്കുന്നില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍തന്നെ 4.5 കോടി ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള പദ്ധതി അവസാനിക്കാന്‍ ആറുമാസംകൂടിയുണ്ട്. ഇടക്ക് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള കരാര്‍ നിര്‍ത്താനാകില്ല. അതുകൊണ്ടുതന്നെ നിലവില്‍ തുടരുന്ന പദ്ധതി മുടക്കി ആയുഷ്മാന്‍ ഭാരത് തുടങ്ങുന്നതിന്റെ സാമ്പത്തിക ചെലവ് താങ്ങാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മഹാരാഷ്ട്ര സര്‍ക്കാരിനാണെങ്കില്‍ പദ്ധതിക്കായുള്ള ഫണ്ടിന് അപര്യാപ്തതയുണ്ട്. ഇവിടെയും സര്‍ക്കാര്‍ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടത്തുന്നുണ്ട്.
എന്നാല്‍ പശ്ചിമ ബംഗാള്‍ അടക്കമുള്ള 25 സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. 2022 ആകുമ്പോഴേക്കും രാജ്യത്തെ ഒന്നര ലക്ഷം ഗ്രാമങ്ങളില്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ പദ്ധതി ചെലവില്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.
മോദി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കുന്ന പദ്ധതികളില്‍ ഒന്നു പോലും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നും എല്ലാം ജനങ്ങളെ പറ്റിക്കാനുള്ള ചില തന്ത്രങ്ങള്‍ മാത്രമാണെന്നുമാണ് വിമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."