ബി.ജെ.പിയുടെ ഹിറ്റ്‌ലര്‍മാരെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി പങ്കുചേരും: മമത
കൊല്‍ക്കത്ത: നൂറു ഹിറ്റ്‌ലര്‍മാര്‍ ഒന്നിച്ചപോലുള്ള കേന്ദ്രത്തിലെ ബി.ജെ. പി ഭരണത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ഒരു മടിയുമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികളുടെ മുന്നണിക്ക് മമത ബാനര്‍ജി ഒരുക്കങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഇന്ത്യാടുഡെ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമത കോണ്‍ഗ്രസ് സഹകരണത്തെക്കുറിച്ച് സൂചിപ്പിച്ചത്.
പ്രധാനമന്ത്രി പദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നായിരുന്നു മമതയുടെ മറുപടി. നേരത്തെ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് രൂപം നല്‍കാനായിരുന്നു മമത നീക്കം നടത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ കൂടി ചേര്‍ത്ത് മതേതര സഖ്യമെന്ന ആശയത്തിലേക്കുള്ള പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സി.പി.എമ്മുമായി സഖ്യത്തിലേര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസില്‍ വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. പാര്‍ട്ടി പിളരുന്ന അവസ്ഥ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
നേരത്തെ മമതയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ ബന്ധം വന്‍ പരാജയമായിരുന്നു. ഇതില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഇനിയൊരു പരീക്ഷണത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേര്‍ക്കുമുണ്ടായിരുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് നേതാക്കള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
തനിക്ക് സോണിയാ ഗാന്ധിയുമായി നല്ല ബന്ധമാണുള്ളതെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ ജൂനിയര്‍ ആയ രാഹുല്‍ഗാന്ധിയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇന്ത്യാടുഡെ അഭിമുഖത്തില്‍ മമത പറയുന്നുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്നും അവര്‍ വ്യക്തമാക്കി.
ആശയവും ലക്ഷ്യവും ശരിയായ ആരുമായും സഹകരിക്കാന്‍ തൃണമൂലിന് ഒരു പ്രശ്‌നവുമില്ല. എല്ലാ പ്രാദേശിക പാര്‍ട്ടികളും യോജിക്കണം എന്നുള്ളതാണ് തന്റെ ആഗ്രഹം. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താന്‍ മാത്രമല്ലെന്നും അവര്‍ പറഞ്ഞു.
താന്‍ പ്രധാനമന്ത്രി ആവുമോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ ആ ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല.
ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നുള്ളതിനാണ് ഇപ്പോള്‍ പ്രാധാന്യം. ബി.ജെ.പി മനുഷ്യരെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില ബി.ജെ.പിക്കാര്‍ പോലും അവരെ പിന്തുണക്കുന്നില്ല.
നൂറ് കണക്കിന് ഹിറ്റ്‌ലര്‍മാരെപ്പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് അവര്‍ സംസ്ഥാനങ്ങളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."