കുടിശ്ശിക നല്‍കിയില്ല ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കുള്ള ബ്രഡും പാലും നിലച്ചു
മാനന്തവാടി: ജില്ലാശുപത്രിയില്‍ കിടപ്പു രോഗികള്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്ന ഭക്ഷണ വിതരണം നിലച്ചു. രോഗികള്‍ക്ക് നല്‍കിയിരുന്ന ബ്രഡ്, പാല്‍ എന്നിവയുടെ വിതരണമാണ് നിലച്ചത്.
ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ ആശുപത്രിയില്‍ പാല്‍ വിതരണം ചെയ്യുന്ന മില്‍മക്കും ബ്രഡ് നല്‍കുന്ന മോഡേണ്‍ ബ്രഡ് കമ്പനിക്കും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു മാസമായി ജില്ലാ ആശ്രുപത്രിയിലെ കിടപ്പു രോഗികള്‍ക്ക് നല്‍കി വന്നിരുന്ന ബ്രഡിന്റെയും പാലിന്റെയും വിതരണം നിലച്ചിരുന്നത്. മില്‍മക്ക് 15,52,902 രൂപയാണ് നല്‍കാനുള്ളത്. കുടിശ്ശിക തീര്‍ക്കണെമന്നും അല്ലാത്ത പക്ഷം വിതരണം നിര്‍ത്തുമെന്നും കാണിച്ച് മില്‍മ മാര്‍ച്ച് 20ന് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നും പണമടക്കാത്തതിനെ തുടര്‍ന്നാണ് 25 മുതല്‍ വിതരണം നിര്‍ത്തിയത്. ഫെബ്രുവരി 28 വരെ ബ്രഡ് നല്‍കിയ ഇനത്തില്‍ 25,71,501 രൂപയാണ് മോഡേണ്‍ കമ്പനിക്ക് നല്‍കാനുള്ളത്.
നിരവധി തവണ ഇവരും ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവരും ബ്രഡ് വിതരണം നിര്‍ത്തുകയായിരുന്നു.
എന്നാല്‍ വിതരണം നിര്‍ത്തിയിട്ടും പണമടക്കാനോ രോഗികള്‍ക്ക് പകരം സംവിധാനമേര്‍പ്പെടുത്താനോ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധവുമായി രംഗത്തെത്തിയത്.
സമരക്കാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഡി.പി.സി ഡോ: അഭിലാഷ് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ മുതല്‍ ബ്രഡും പാലും വിതരണം ചെയ്യുമെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."