ബാങ്കു വിളി: സോനു നിഗത്തിന്റെ പരാമര്‍ശം ജനശ്രദ്ധക്കുവേണ്ടി
മുംബൈ: മുസ്്‌ലിം പള്ളികളില്‍ ബാങ്കു വിളിക്കെതിരേ ബോളിവുഡ് ഗായകന്‍ സോനു നിഗം അഭിപ്രായം പറഞ്ഞത് ജനശ്രദ്ധക്കുവേണ്ടിയെന്ന് ബി.ബി.സി ലേഖകന്‍.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്്‌ലിം അല്ല, പക്ഷെ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്ന് അവസാനിക്കും എന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തിനിടയില്‍ ബി.ബി.സി ലേഖകന്‍ ഇദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചാണ് ആരോപണം ജനശ്രദ്ധക്കു വേണ്ടിയാണെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ബി.ബി.സി ലേഖകന്‍ സോനുവിന്റെ പരാമര്‍ശത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി മുംബൈ അന്ധേരിയിലുള്ള വെര്‍സോവ ഭാഗത്തുള്ള വസതിയിലെത്തിയത്. കൂടെ മറ്റ് വാര്‍ത്താ ലേഖകരേയും കൂട്ടിയിരുന്നു. മുംബൈ റോഡില്‍ വാഹനങ്ങളോ ആള്‍തിരക്കോ ഒന്നുമില്ലായിരുന്നു. ഈ സമയം സോനുവിന്റെ വസതി അടഞ്ഞു കിടക്കുകയായിരുന്നു. വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വീടിനടുത്ത് പൊലിസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു.
താനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് കാത്തുനിന്നു. ഏതാണ്ട് അരമണിക്കൂറിനുശേഷമാണ് ബാങ്ക് കൊടുക്കുന്നതെന്ന് മനസിലാക്കി വീട്ടിനടുത്ത് നിന്നെങ്കിലും പള്ളിയില്‍നിന്ന് ബാങ്ക് വിളിക്കുന്ന ശബ്ദം കേള്‍ക്കാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അന്ധേരി ഭാഗത്ത് മുസ്്‌ലിം പള്ളികളുണ്ടെങ്കിലും ഇവയെല്ലാം ഇയാളുടെ വീടിനടുത്തല്ല. 5.20നാണ് ഇവിടെ ബാങ്കുവിളിക്കുന്നതെങ്കിലും സോനു നിഗത്തിന്റെ വീട്ടിലേക്ക് ശബ്ദം കേള്‍ക്കില്ലെന്ന് ബിബിസി ലേഖകന്‍ പറയുന്നു.
സോനു നിഗം ഈ ഭാഗത്ത് താമസം തുടങ്ങിയത് ഏതാണ്ട് നാല് വര്‍ഷം മുന്‍പ് മാത്രമാണ്. എന്നാല്‍ ഈ ഭാഗത്തുള്ള പള്ളികള്‍ക്ക് ഏതാണ്ട് 30 മുതല്‍ 35 വര്‍ഷത്തെ പഴക്കമുണ്ടെന്ന് മദ്രസാ തഅ്‌ലീമുല്‍ ഖുര്‍ആന്‍ ട്രസ്റ്റ് മസ്ജിദ് ട്രസ്റ്റി മെഹബൂബ് ഖാന്‍ പറഞ്ഞു.
സോനു നിഗത്തിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും ബാങ്ക് വിളി കേള്‍ക്കാറില്ലെന്നും ഇദ്ദേഹത്തിന്റെ വീടിനടുത്ത് താമസിക്കുന്ന ലതാ സച്ചദേവ് ബി.ബി.സി ലേഖകനോട് പറഞ്ഞു. സമീപത്തെ മറ്റ് താമസക്കാരും ബാങ്കു വിളി കേള്‍ക്കാറില്ലെന്ന് വ്യക്തമാക്കിയതോടെ സോനു നിഗം ഉയര്‍ത്തിയ ആരോപണം കേവലം ജനശ്രദ്ധക്കുവേണ്ടി മാത്രമാണെന്ന് വ്യക്തമായതായി ബി.ബി.സി ലേഖകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."