ലഹരി വസ്തുക്കളുമായി ഇതര സംസ്ഥാന യുവാക്കള്‍ പിടിയില്‍
കാസര്‍കോട്: ലഹരി വസ്തുക്കളുമായി ഇതര സംസ്ഥാന യുവാക്കള്‍ പിടിയിലായി. കര്‍ണാടകയിലെ കൊല്ലൂരില്‍ നിന്നു കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്നാണു പാന്‍ ഉല്പന്നങ്ങളും വിദേശ മദ്യവുമാണ് എക്സൈസ് സംഘം പിടികൂടിയത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ബല്ല്യ ജില്ലാ സ്വദേശികളും ചെര്‍ക്കള ഇന്ദിരാനഗറില്‍ താമസിക്കുന്നവരുമായ വിനോദ്കുമാര്‍ (27), മുന്ന (27), അനില്‍കുമാര്‍ പട്ടേല്‍ (35) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 ഓടെ കാസര്‍കോട് അടുക്കത്ത് ബയലില്‍ വച്ച് പിടികൂടിയത്. പിടിച്ചെടുത്ത പാന്‍ ഉല്പന്നങ്ങള്ക്കു രണ്ടു ലക്ഷം രൂപയിലധികം വിലവരും.
പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച പാന്‍ ഉല്പന്നങ്ങളും മദ്യവും സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ബസ്സിലുണ്ടായിരുന്ന മൂന്നംഗ ഉത്തര്‍പ്രദേശ് സ്വദേശികളെ ചോദ്യം ചെയ്തതോടെയാണ് ലഹരി വസ്തുക്കള്‍ തങ്ങള്‍ കടത്തിക്കൊണ്ടുവന്നതാണെന്ന് ഇവര്‍ സമ്മതിച്ചത്.
വിനോദ്കുമാറിനെയും മുന്നയെയും 3261 പാക്കറ്റ് പാന്‍ ഉല്പന്നങ്ങളുമായും അനില്‍കുമാര്‍ പട്ടേലിനെ 35 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായാണ് പിടികൂടിയതെന്ന് സ്പെഷല്‍ സ്ക്വാഡ് സി.ഐ കെ കാര്ത്തികേയന് പറഞ്ഞു.
പാന്‍ ഉല്പന്നങ്ങളും മദ്യവും കണ്ണൂരിലേക്ക് കൊണ്ടുപോകാനായിരുന്നെന്നു പ്രതികള്‍ മൊഴി നല്കി.
കണ്ണൂരിലെ ചെറുകിട വ്യാപാരികള്‍ക്കു വില്പന നടത്താനാണ് ഇവ കൊണ്ടുപോകുന്നതെന്നും പ്രതി എക്സൈസിനോട് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."