ഫാമില്‍ കടന്ന തെരുവ് നായകള്‍ 600 കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി
വണ്ടൂര്‍: കോഴിഫാമിന്റെ ഇരുമ്പു വല പൊളിച്ചു കടന്ന തെരുവ് നായകള്‍ 600 കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി. പോരൂര്‍ കരുവാറ്റകുന്ന് ചേലക്കാട് കെ.ടി നദീറിന്റെ ഫാമിലാണ് നായകള്‍ കയറിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 20 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. 42 രൂപയ്ക്ക് 20 ദിവസം മുമ്പ് എത്തിച്ച കോഴികളെയാണു കൊന്നത്. ഇപ്പോള്‍ ചെലവടക്കം ഒരു കോഴിക്ക് 75 രൂപയിലധികം വരും. 50,000 രൂപയുടെ നഷ്ടം വരുമെന്ന് ഉടമയായ നദീര്‍ പറഞ്ഞു.
പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണ്. വളര്‍ത്തു മൃഗങ്ങള്‍, കാല്‍നടക്കാര്‍, സ്‌കൂള്‍കുട്ടികള്‍ എന്നിവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി ആറു മാസത്തിനിടെ ഏഴ് ആടുകളാണ് തെരുവു നായകളുടെ അക്രമത്തിനിരയായത്. ഇതില്‍ അഞ്ചെണ്ണവും ചത്തു.
നായശല്യം കാരണം നാടന്‍ കോഴി വളര്‍ത്തലും പലയിടത്തും നാട്ടുകാര്‍ നിര്‍ത്തിയ അവസ്ഥയിലാണ്. ആടുമാടുകള്‍ക്ക് നേരെയുള്ള അക്രമം കഴിഞ്ഞ വര്‍ഷം പേ ഭീതിയും പടര്‍ത്തിയിരുന്നു.
തെരുവു നായകളുടെ അക്രമം വ്യാപകമാകുമ്പോഴും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്ന കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭിക്കില്ലെന്നതും പ്രത്യേകതയാണ്. നായകള്‍ വന്യ ജീവി ഗണത്തില്‍ പെടാത്തതിനാല്‍ സഹായം നല്‍കാനാകില്ലെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്.
കൂടാതെ കോഴികൃഷി കാര്‍ഷിക ഇനത്തില്‍ പെടാത്തതുകാരണം കൃഷി വകുപ്പില്‍ നിന്നും സഹായം ലഭിക്കില്ല. ഇതിനാല്‍ ഇത്തരം സംഭവങ്ങള്‍ക്കിരയാകുന്ന കര്‍ഷകര്‍ നഷ്ടം നികത്താനാകാതെ കൃഷി നിര്‍ത്തേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."