HOME
DETAILS
MAL
കരുതലോടെ ജോസ്; സി.പി.എം നീക്കത്തില്‍ വെട്ടിലായി ഘടകകക്ഷികള്‍
backup
July 03 2020 | 03:07 AM
കോട്ടയം: യു.ഡി.എഫിലെ കലഹം വഴിത്തിരിവിലായപ്പോള്‍ ജോസ് കെ. മാണിയും സംഘവും എല്‍.ഡി.എഫ് ഘടകക്ഷികള്‍ക്ക് തലവേദനയാവുന്നു. യു.ഡി.എഫില്‍ നിന്നും പുറത്തായതോടെ തനിച്ചായ കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിനായി സി.പി.എം വല വീശിയതോടെയാണ് എല്‍.ഡി.എഫില്‍ അസ്വസ്ഥത പുകയുന്നത്. കെ.എം മാണിക്കെതിരേ ഉയര്‍ത്തിയ ബാര്‍ കോഴയും നോട്ട് എണ്ണല്‍ യന്ത്ര ആരോപണങ്ങളും വിഴുങ്ങിയ സി.പി.എം മധ്യകേരളത്തിലെ രാഷ്ട്രീയനേട്ടം മുന്‍നിര്‍ത്തിയാണ് പുതിയ നീക്കത്തിനിറങ്ങിയത്.
മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ യു.ഡി.എഫ് അടിത്തറ ഇളകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. എന്നാല്‍, ജോസ് പക്ഷം മുന്നണിയിലേക്ക് ചേക്കേറിയാല്‍ ഉണ്ടായേക്കാവുന്ന സ്ഥാനഷ്ടങ്ങളാണ് സി.പി.ഐയ്ക്ക് പുറമേ എന്‍.സി.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ് കക്ഷികളെ അലട്ടുന്നത്.
കെ.എം മാണിയുടെ മരണത്തിന് ശേഷം മാത്രം ജയിക്കാനായ പാലയും പുറമേ കുട്ടനാടും കൈവിടേണ്ടി വരുമോ എന്നതാണ് എന്‍.സി.പിയെ കുഴയ്ക്കുന്നത്. കാനം രാജേന്ദ്രന്റെ വീട് ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളിയാണ് സി.പി.ഐയുടെ പ്രധാന പ്രശ്‌നം.
ഇടുക്കി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ സീറ്റുകളാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഭയം. ഇതോടെ ജോസ് പക്ഷത്തെ ചൊല്ലി യു.ഡി.എഫില്‍ നിലനിന്ന കലഹം എല്‍.ഡി.എഫിലേക്ക് വഴിമാറുകയാണ്. ജോസ് കെ. മാണി വരുന്നതിനെ എന്‍.സി.പി സ്വാഗതം ചെയ്യുമ്പോഴും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ തങ്ങളുടെ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസും കോടിയേരിയെ നേരില്‍കണ്ട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
തങ്ങളെ ലക്ഷ്യമിട്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുന്നണി കണ്‍വീനര്‍ എ. വിജരാഘവന്റെയും നീക്കത്തെ ജോസ് കെ. മാണി സ്വാഗതം ചെയ്തിട്ടുണ്ട്. എങ്കിലും പൊട്ടെന്നൊരു ചുവടുമാറ്റം തിരിച്ചടിയാവുമോയെന്ന ഭയം ജോസ് കെ. മാണിക്കുണ്ട്.
റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍, എന്‍. ജയരാജ്, ജോസഫ് എം.പുതുശ്ശേരി, ഇ.ജെ ആഗസ്തി ഉള്‍പ്പടെ ജോസ് പക്ഷത്തെ പ്രബലരായ നേതാക്കള്‍ക്ക് എല്‍.ഡി.എഫ് ബന്ധത്തിന് താല്‍പര്യമില്ല. തദ്ദേശ ജനപ്രതിനിധികളില്‍ ഭൂരിപക്ഷവും ഇതേ നിലപാടുകാര്‍ തന്നെയാണ്. കെ.എം മാണിക്കെതിരേ സി.പി.എം നടത്തിയ വേട്ട അത്രവേഗം മറക്കാന്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല എന്നതിനാല്‍ എല്‍.ഡി.എഫിലേക്കു ഉടനൊരു എടുത്തു ചാട്ടത്തിന് ജോസ് പക്ഷം തയാറല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിയുന്ന രാഷ്ട്രീയസാഹചര്യം നോക്കി മാത്രം മുന്നണികളിലേക്കുള്ള ചാട്ടമെന്നതാണ് നിലവിലെ തീരുമാനം.
അസംതൃപ്തരെ പി.ജെ ജോസഫ് അടര്‍ത്തി എടുക്കുമെന്ന ഭയവും ജോസ് പക്ഷത്തിനുണ്ട്. ജോസ് പക്ഷത്ത് നിന്നും കൂടുതല്‍ പേരെ ചാടിക്കാനുള്ള നീക്കം പി.ജെ ജോസഫ് നടത്തുന്നുണ്ട്. ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ജോസ് പക്ഷത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയേക്കും.
ഇത്തരം ഭീഷണികളെല്ലാം മുന്നില്‍ കണ്ടാണ് ജോസ് പക്ഷത്തിന്റെ നിക്കവും. കെ.എം മാണിയെന്ന വികാരം ഉയര്‍ത്തി പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് ജോസ് പക്ഷം നടത്തുന്നത്. രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചുള്ള നീക്കത്തിനിടെ തല്‍ക്കാലം ഇടതിലേക്ക് ചേക്കേറില്ലെന്ന സൂചനയാണ് ജോസ് പക്ഷം നല്‍കുന്നതും. സി.പി.ഐയുടെ എതിര്‍പ്പു മാറാതെ എല്‍.ഡി.എഫില്‍ എത്തുക സുഗമമാവില്ലെന്ന തിരിച്ചറിവും ജോസ് കെ. മാണിക്കുണ്ട്.
ഡി.ഐ.സിയെ മോഹിപ്പിച്ചു നിര്‍ത്തിയ ശേഷം സി.പി.ഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സി.പി.എം കൈവിട്ട ഉദാഹരണങ്ങളും ജോസ് പക്ഷത്തിന് മുന്നിലുണ്ട്. അത്തരമൊരു സാഹചര്യം തങ്ങള്‍ക്കും ഉണ്ടാവരുതെന്ന കരുതലിലാണ് ജോസ് കെ. മാണിയും സംഘവും. ഇടതു പ്രവേശന സാധ്യത തള്ളുന്നില്ല എന്നതാണ് ജോസ് കെ. മാണി യു.ഡി.എഫുമായി പ്രശ്‌ന പരിഹാര ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിക്കാത്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."