കോളറ: കുറ്റിപ്പുറത്ത് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി
ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക
കുറ്റിപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസം കോളറ ബാധ കണ്ടെത്തിയ കുറ്റിപ്പുറം മല്ലൂര്‍ കടവില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശത്തു ജലനിധി പദ്ധതിയിലൂടെ ജല വിതരണം നടത്തുന്ന സ്രോതസുകളും ടാങ്കുകളും ആരോഗ്യ സംഘം പരിശോധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു സംഘം. ഇവിടെനിന്നും ശേഖരിച്ച സാംപിള്‍ വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ ജലവിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ കൂള്‍ബാറുകള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചിടും. ഹോട്ടലുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂഎന്നു നിര്‍ദേശിച്ചു. രോഗവ്യാപനം തടയുന്നതിന്റ ഭാഗമായി കുറ്റിപ്പുറത്തെ ഹോട്ടലുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തോട് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി നിര്‍ദേശിച്ചു. മുഴുവന്‍ കുടിവെള്ള സ്രോതസുകളും കുറ്റിപ്പുറം താലൂക്കാശുപത്രി ഫീല്‍ഡ് വിഭാഗം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരുന്നുണ്ട്. പൊതുജനങ്ങള്‍ കൈക്കൊള്ളേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് മൈക്ക് അനൗണ്‍സ്മന്റ് നടത്തി. ഒ.ആര്‍.എസ്, ആവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രദേശത്ത് സജീവ രോഗ നിരീക്ഷണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.
ഡെപ്യൂട്ടി. ഡി.എം.ഒ ഡോ. എ. ഷിബുലാല്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത് വിജയശങ്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. വസീമ വാലേരി, സ്റ്റാഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മാരായത്ത് ലത, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ പി.കെ. കുമാരന്‍, ഭാസ്‌കരന്‍ തൊടുമന്നില്‍, ഡെപ്യുട്ടി മാസ് മീഡിയ ഓഫീസര്‍ കെ.പി സാദിഖലി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. രാധാകൃഷ്ണന്‍. എല്‍.എച്ച്. എസ്. റാണി. കെ. എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം കാന്‍സര്‍ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന താനാളൂര്‍ സ്വദേശിക്കും കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും പരിശോധിച്ചശേഷമേ ഇത് കോളറയാണെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."