മങ്കട ഉപജില്ലാ ഓഫീസ് കെട്ടിടം വിട്ടു നല്‍കണമെന്ന് സ്‌കൂള്‍ പി.ടി.എ
മങ്കട: മങ്കട ഉപജില്ലാ ഓഫിസ് തല്‍സ്ഥാനത്തു നിന്നു മാറ്റി കെട്ടിടം സ്‌കൂളിനു വിട്ടു നല്‍കണമെന്നു മങ്കട സ്‌കൂള്‍ പി.ടി.എ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവില്‍ മങ്കട ഉപജില്ലാ ഓഫിസ് മങ്കട ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചു വരുന്നത്. 2005 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് എ.ഇ.ഒ ഓഫിസ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നത്. നാലു പതിറ്റാണ്ടായി അങ്ങാടിപ്പുറത്തു പ്രവര്‍ത്തിച്ചിരുന്ന ഉപജില്ലാ ഓഫിസ് അസൗകര്യങ്ങള്‍ കാരണം മങ്കട ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു.
താല്‍ക്കാലികമായി ഒഴിഞ്ഞു കൊടുത്ത സ്‌കൂള്‍ കെട്ടിടം നേരത്തെ പഞ്ചായത്തധികൃതര്‍ വിട്ടു നല്‍കിയിരുന്നില്ല. സ്‌കൂളിനായി കെട്ടിടം നിര്‍മിക്കേണ്ട പുതിയ സാഹചര്യത്തിലാണു സ്‌കൂള്‍ കെട്ടിടം വിട്ടുനല്‍കാന്‍ പി.ടി.എ മന്ത്രി തലത്തില്‍ ശ്രമം നടത്തിയത്. പ്രീ പ്രൈമറി, എല്‍.പി വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 43 സെന്റ് സ്ഥലത്താണു സൗകര്യപ്പെടുത്തിയിട്ടുള്ളത്. സ്‌കൂള്‍ പാചകപ്പുര, ശുചി മുറി, മാലിന്യക്കുഴി എന്നിവ എ.ഇ.ഒ ഓഫിസ് പ്രവര്‍ത്തിക്കുന്ന പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചു വേണം നിര്‍മിക്കാനെന്നു പി.ടി.എ മന്ത്രിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടണ്ടിക്കാട്ടി. അതേ സമയം സ്‌കൂള്‍ പ്രവര്‍ത്തനത്തിനു എ.ഇ.ഒ ഓഫിസ് ഒരു നിലക്കും തടസല്ലെന്നാണറിയുന്നത്.
കഴിഞ്ഞ മന്ത്രിസഭാ കാലത്ത് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടണ്ടില്‍ ഉള്‍പ്പെടുത്തി ഉപജില്ലഓഫീസിനും ബി.ആര്‍സി, അധ്യാപക കോണ്‍ഫറന്‍സ് ഹാള്‍ എന്നിവക്കായി 40 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവിലെ സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തു നിര്‍മിക്കാനായിരുന്നു അനുമതി. അതേ സമയം പുതിയ ഗ്രാമ പഞ്ചായത്തു ഭരണ സമിതി ഉപജില്ലാ ഓഫിസ് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."