മദ്യവില്‍പനശാല പൂട്ടിച്ചിടത്ത് ബാര്‍ തുറന്നു
ജില്ല അനുഭവിച്ച ഏറ്റവും വലിയ ജനകീയ സമരങ്ങളില്‍ ഒന്നായിരുന്നു പടുവളത്തെ ബീവറേജ് കോര്‍പറേഷന്‍ മദ്യവില്‍പനശാലയ്ക്ക് എതിരേ നടന്നത്. മാസങ്ങളോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ മദ്യവില്‍പന ശാലയ്ക്ക് എന്നേക്കുമായി താഴുവീണു. ഒരു നാടിന്റെ സൈ്വര്യ ജീവിതം തന്നെ തകര്‍ന്നപ്പോഴാണ് ബീവറേജ് കോര്‍പറേഷന്റെ പടുവളം മദ്യവില്‍പനശാലയ്‌ക്കെതിരേ ജനകീയ സമരം തുടങ്ങുന്നത്. മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഒന്‍പതു മാസം ജനങ്ങള്‍ പന്തല്‍ കെട്ടി സമരം നടത്തിയതിലൂടെ സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ട പ്രദേശമായി പടുവളം മാറിയിരുന്നു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ അണിനിരന്നിരുന്നു. പ്രമുഖ വ്യക്തിത്വങ്ങളുടെ പങ്കാളിത്തവും കലാപ്രകടനങ്ങളുമൊക്കെയായി മാസങ്ങളോളം നീണ്ട സമരം. ഒടുവില്‍ സര്‍ക്കാര്‍ തീരുമാനത്തിലൂടെ മദ്യശാല അടച്ചുപൂട്ടിയപ്പോള്‍ എങ്ങും ആഹ്‌ളാദം അലതല്ലി. എന്നാല്‍ അടുത്തിടെ പടുവളത്തില്‍ നിന്ന് ഏറെയൊന്നും അകലെയല്ലാതെ സ്വകാര്യ ബാര്‍ തുറന്നപ്പോള്‍ പടുവളം സമരം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. ഇടതുകാലിലെ മന്തു വലതുകാലിലേക്കു മാറി എന്നല്ലാതെ സമരം കൊണ്ട് എന്തുനേടിയെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുകയാണ്. മദ്യവിപത്തിനെതിരേയായിരുന്നു സമരമെങ്കില്‍ സ്വകാര്യ ബാറിനെതിരേയും സമരം ചെയ്യണ്ടേ എന്ന ചോദ്യവും ചെറുവത്തൂരിലെ അന്തരീക്ഷത്തില്‍ ഉയരുന്നു. നേരത്തെ മദ്യം വാങ്ങിച്ചു പോയി കുടിക്കുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇരുന്നു കുടിക്കാന്‍ സൗകര്യമൊരുക്കിയെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."