എയിംഫില്‍ ഏവിയേഷനെതിരേ പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്
കോഴിക്കോട്: സ്വകാര്യ സ്ഥാപനം അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വന്‍ തട്ടിപ്പ് നടത്തിയതായി പരാതി. മാവൂര്‍ റോഡിലെ എയിംഫില്‍ ഏവിയേഷന്‍ അമിത ഫീസ് വാങ്ങി അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്നതായി സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭാരതിയാര്‍ യൂനിവേഴ്സിറ്റിയുടെ ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നുപറഞ്ഞ് വിദ്യാര്‍ഥികളില്‍ നിന്ന് നാലുലക്ഷം രൂപ വരെ ഈടാക്കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മാത്രമല്ല മതിയായ ക്ലാസ് നല്‍കുന്നില്ലെന്നും ക്ലാസിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതി.
യൂനിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റിന് പകരമായി സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ചില വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി എസ്.എസ്.എല്‍.സി, പ്ലസ്ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ വിട്ടുനല്‍കിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒരു വര്‍ഷത്തെ ഏവിയേഷന്‍, മൂന്നു വര്‍ഷത്തെ ബി.ബി.എ ഇന്‍ എയര്‍പോര്‍ട്ട് ആന്‍ഡ് എയര്‍ലൈന്‍സ് മാനേജ്മെന്റ് കോഴ്സുകളാണ് പ്രധാനമായും സ്ഥാപനം നടത്തുന്നത്. ജോലി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് പ്രവേശനം നടത്തിയിരുന്നതെങ്കിലും നേരത്തെ പഠിച്ചവര്‍ക്കൊന്നും ജോലി കിട്ടിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
സ്ഥാപനത്തിനെതിരേ നടക്കാവ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്.ഐയായിരുന്ന ജി. ഗോപകുമാര്‍ സംഭവത്തില്‍ അന്വേഷണം നടത്തവെ അദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നുവെന്നും ഇതിനു പിന്നില്‍ സ്ഥാപന അധികൃതരും ഉന്നത പൊലിസ് ഉദ്യോഗസ്ഥഥനുമാണെന്ന് സംശയിക്കുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്ഥാപനത്തിനെതിരേ നടപടിയെടുക്കണമെന്നും സര്‍ട്ടിഫിക്കറ്റും അടച്ച ഫീസും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വിദ്യാര്‍ഥികള്‍ അറിയിച്ചു. ഗൗതം കൃഷ്ണ, എം. ആഷിഖ്, കെ. മുഹമ്മദ് അസ്ലം, വി. ഗ്രീഷ്മ, എം. ആതിര, ടി.സി ശശികല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."