ഹണി ട്രാപ്പ് മോഡല്‍ തട്ടിപ്പ്: അഭിഭാഷകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
അടിമാലി (ഇടുക്കി): ഹണി ട്രാപ്പ് മോഡലില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ അഭിഭാഷകന്‍ ഉള്‍പ്പെടെ നാല് പേരെ അടിമാലി പൊലിസ് അറസ്റ്റ് ചെയ്തു. അടിമാലി ചാറ്റുപാറ മറ്റപ്പിള്ളില്‍ അഡ്വ. ബെന്നി മാത്യു (56), പടികപ്പ് പരിശകല്ല് ചവറ്റുകുഴിയില്‍ ഷൈജന്‍ (43), പടികപ്പ് തട്ടായത്ത് ഷെമീര്‍ (38), കല്ലാര്‍കൂട്ടി കത്തിപ്പാറ പഴക്കാളിയില്‍ ലതാദേവി (32) എന്നിവരെയാണ് സി.ഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. 1.37 ലക്ഷം രൂപയും ഏഴര ലക്ഷം രൂപയുടെ ഒപ്പിട്ട ചെക്കുകളും 100 രൂപയുടെ രണ്ട് ബ്ലാങ്ക് മുദ്ര പേപ്പറുകളുമാണ് തട്ടിയെടുത്തത്.
ജനുവരി 26 ന് അടിമാലിയിലെ വ്യാപാരി വിജയന്റെ വീട്ടില്‍ സ്ഥലക്കച്ചവട ബ്രോക്കര്‍ ചമഞ്ഞെത്തിയ ലതാദേവിയെ വ്യാപാരി പീഡിപ്പിച്ചുവെന്നും പൊലിസില്‍ കേസ് കൊടുക്കുമെന്നും പറഞ്ഞ് റിട്ട.ഡിവൈ.എസ്.പിയെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കമിട്ടത്.
തുടര്‍ന്ന് പണം അഡ്വ.ബെന്നി മാത്യുവിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ബെന്നി മാത്യുവിന്റെ ഓഫിസില്‍ എത്തിയ വ്യാപാരിയില്‍ നിന്നും എഴുപതിനായിരം രൂപ വാങ്ങുകയും ഒന്നര ലക്ഷത്തിന്റെയും ഒരു ലക്ഷത്തിന്റെയും രണ്ട് ചെക്കുകളില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഫെബ്രുവരി മാസത്തില്‍ ഷൈജന്‍ വ്യാപാരിയെ ഷെമീറിന്റെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി ബെന്നിയുടെ ഓഫിസിനു മുന്നില്‍ വച്ച് അഞ്ചു ലക്ഷത്തിന്റെ ചെക്ക് ബലമായി ഒപ്പിട്ടു വാങ്ങിയതായും അറുപതിനായിരം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയതായുമാണ് കേസ്. ഇതിനു മുന്‍പ് സമാനമായ തട്ടിപ്പ് സംഘം നടത്തിയെന്നാണ് പൊലിസ് കരുതുന്നത്.
ഇവരുടെ തട്ടിപ്പിന് ഇരയായവര്‍ ഉണ്ടെങ്കില്‍ അടിമാലി പൊലിസിനെ സമീപിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി ആര്‍.കറുപ്പസ്വാമി അറിയിച്ചു.2017 സെപ്റ്റംബര്‍ 18ന് കല്ലാര്‍കുട്ടിയില്‍ പോസ്റ്റ്മാനെ ഭീഷണിപ്പെടുത്തി എഴുപതിനായിരം രൂപ തട്ടിയെടുത്തത് ലതയും ഷൈജനും ചേര്‍ന്നാണെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."