കുരിശിനെ 'കുരിശാ'ക്കിയാല്‍
യേശുക്രിസ്തുവിന്റെ മഹത്വത്തിനു കാരണം അദ്ദേഹം കുരിശില്‍ തറയ്ക്കപ്പെട്ടു എന്നതല്ല. മനുഷ്യസ്‌നേഹവും ത്യാഗവുമുള്‍പ്പെടെയുള്ള മഹത്വമാര്‍ന്ന സന്ദേശങ്ങളുടെ പ്രവാചകനും മാതൃകയുമെന്നതാണ് ക്രിസ്തുവിന്റെ മഹത്വം. ദുരിതപൂര്‍ണമായ പീഡാനുഭവങ്ങളുണ്ടായിട്ടും മനസ്സ് ചഞ്ചലപ്പെടാതെ, നന്മയുടെ മാര്‍ഗത്തില്‍നിന്നു വ്യതിചലിക്കാതെ ജീവിച്ചതിനു പ്രതികാരമായി ഭരണകൂടവും പുരോഹിതവര്‍ഗവും യേശുവിനു നല്‍കിയ ശിക്ഷയായിരുന്നു കുരിശിലേറ്റല്‍.
മുള്‍ക്കിരീടമണിയിച്ച്, ഭാരമേറിയ കുരിശു ചുമപ്പിച്ചു ഗാഗുല്‍ത്താ മലയിലേയ്ക്കു നടത്തിച്ച് പാപികള്‍ക്കൊപ്പം യേശുവിനെ കുരിശില്‍ത്തറച്ചു പകതീര്‍ത്ത സംഭവം നമ്മെ ഓര്‍മിപ്പിക്കേണ്ടതു പകയുടെ തത്വശാസ്ത്രമല്ല. മറിച്ച്, മഹത്തായ ത്യാഗത്തിന്റെയും അചഞ്ചലവിശ്വാസത്തിന്റെയും മഹത്വമാണ്. യേശുവിനെ തറച്ച കുരിശിനല്ല, അതില്‍ക്കിടന്നു ചോരവാര്‍ന്നു മരിക്കുവോളവും പ്രലോഭനങ്ങള്‍ക്കു വശംവദനാകാതെ സ്വന്തം വിശ്വാസത്തിലും നന്മയിലും അടിയുറച്ചു കഴിഞ്ഞ ക്രിസ്തുവിനാണു മഹത്വം.
ആ ത്യാഗോജ്വലമായ ജീവിതത്തിന്റെ സ്മരണയുണര്‍ത്തേണ്ട കുരിശിനെ സാമൂഹ്യദ്രോഹ നടപടിക്കുള്ള ആയുധമാക്കി മാറ്റുന്നത് ക്രിസ്തുവിന്റെ യശസ്സില്‍ കരിവാരിത്തേയ്ക്കലാണ്. കുരിശെന്നല്ല ഒരു മതചിഹ്നവും കൈയൂക്കിനും കൈയേറ്റത്തിനുമുള്ള ആയുധമാക്കി മാറ്റരുത്. ഒരാളോ ഒരു വിഭാഗക്കാരോ അങ്ങനെ ചെയ്താല്‍ മറ്റു പലരും അതിനേക്കാള്‍ ശക്തമായി ആ ആയുധം ഉപയോഗിക്കും. അതോടെ കലാപത്തിന്റെ വേദിയായി ഈ നാടു മാറും. എപ്പോഴും കത്തിപ്പടരാവുന്ന അവസ്ഥയില്‍ സാമുദായികത ഉണക്കപ്പുല്ലുപോലെ നീരുവറ്റി നില്‍ക്കുന്ന ഇക്കാലത്ത് മതചിഹ്നങ്ങളുപയോഗിച്ചുള്ള ഏതു കളിയും അത്യന്തം അപകടകരമാണ്.
ഇടുക്കി ജില്ലയില്‍, പ്രത്യേകിച്ചു മൂന്നാര്‍ പ്രദേശത്ത് കൈയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറും ആയിരവും അതിലേറെയും ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറി കൈവശം വച്ചു വരുന്ന കുത്തകക്കാര്‍ മുതല്‍ പത്തും ഇരുപതും സെന്റ് സ്ഥലം കൈയേറി വീടുവയ്ക്കുന്ന സാധാരണ തൊഴിലാളികള്‍വരെ നൂറുകണക്കിനു കൈയേറ്റക്കാരുണ്ട്. അത്തരം നിയമലംഘനങ്ങളെല്ലാം കണ്ടെത്തി ഒഴിപ്പിച്ചെടുക്കാനോ വീടും പുരയിടവുമില്ലാത്തവര്‍ക്കു പട്ടയം നല്‍കി സംരക്ഷിക്കാനോ പരിശോധനകളും നടപടികളും സത്യസന്ധമാകേണ്ട ആവശ്യമേയുള്ളു. രാഷ്ട്രീയക്കാരുടെ കള്ളക്കളികളുണ്ടായില്ലെങ്കില്‍ മൂന്നാറിലേതുള്‍പ്പെടെ എല്ലാ കൈയേറ്റങ്ങളും നിഷ്പ്രയാസം ഒഴിപ്പിക്കാം.
എന്നാല്‍, അതിനിടയില്‍ കൈയേറ്റക്കാരന്‍ മതചിഹ്നത്തിന്റെ ആയുധമെടുത്തു പോരാടാനൊരുങ്ങിയാല്‍ സംഗതി ഗുരുതരമാകും. അത്തരം കുത്സിതശ്രമങ്ങള്‍ പലയിടങ്ങളിലും പലപ്പോഴും നടക്കാറുണ്ട്. കോഴിക്കോട്ടുണ്ടായ രണ്ടു സംഭവങ്ങള്‍ ഓര്‍മവരുന്നു. കോഴിക്കോട് നഗരത്തിലെ മിനി ബൈപാസ് നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ നിഷ്‌കര്‍ഷിച്ചിരുന്നത് റോഡിന് അനാവശ്യമായ വളവും തിരിവും ഒഴിവാക്കണമെന്നായിരുന്നു. എന്നാല്‍, അതിനിടയില്‍ റോഡ് തുടങ്ങുന്ന ഭാഗത്തിന് അടുത്തൊരിടത്ത് ചിലര്‍ ആല്‍മരം നട്ട് തറയുണ്ടാക്കി. കുറേ അകലെയുള്ള ഒരു ക്ഷേത്രത്തിന്റെ ആല്‍മരമാണെന്നു വരുത്തി ആ വഴി റോഡു പോകുന്നതു തടഞ്ഞു. റോഡ് തുടക്കത്തില്‍ത്തന്നെ വളഞ്ഞു. മാനാഞ്ചിറയ്ക്കടുത്ത് കാല്‍നടക്കാരുടെ ദുരിതം ഒഴിവാക്കാന്‍ ഭൂഗര്‍ഭനടപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുരിശു നാട്ടിയാണ് തടഞ്ഞത്.
ഇത്തരത്തില്‍ പൊതുവായ വികസനപദ്ധതികള്‍ തടയാന്‍ പല സമുദായക്കാരും മതചിഹ്നങ്ങള്‍ ആയുധമാക്കാറുണ്ട്. സ്വന്തംഭൂമിയിലാണു മതചിഹ്നം സ്ഥാപിച്ചതെങ്കില്‍ അതിന് എന്തെങ്കിലും ന്യായീകരണം കണ്ടെത്താമായിരുന്നു. മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സംഭവിച്ചത് അതൊന്നുമല്ല. മിതമായ ഭാഷയില്‍ പറഞ്ഞാല്‍, തോന്ന്യാസമാണ്. ഇരുനൂറേക്കറോളം സര്‍ക്കാര്‍ ഭൂമി കൈയേറി എക്കാലത്തേയ്ക്കും കൈയടക്കിവയ്ക്കാനും അത് ആരും തടയാതിരിക്കാനുമുള്ള ആയുധമാക്കി ഉപയോഗിച്ചത് ത്യാഗത്തിന്റെ പ്രതീകമായ കുരിശിനെയാണ്. 'സ്പിരിറ്റ് ഇന്‍ ജീസസ് ' എന്നത് ആത്മീയതയുടെ മറവിലുള്ള കുടുംബാധിപത്യസംഘടനയാണെന്നാണ് ആരോപണം.
ആത്മീയതയുടെ പരിവേഷത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കു മതചിഹ്നത്തിന്റെ കൂട്ടുണ്ടെങ്കില്‍ എല്ലാ നടപടികളില്‍നിന്നും തടിതപ്പാനാകുമെന്നാണു സ്പിരിറ്റ് ഇന്‍ ജീസസ് പോലുള്ള പ്രസ്ഥാനങ്ങളുടെ കൈയേറ്റം തെളിയിക്കുന്നത്. ഭൂമി കൈയേറി അനധികൃതമായി സ്ഥാപിച്ച കുരിശും ഷെഡ്ഡും പൊളിച്ചുമാറ്റാന്‍ ആര്‍ജ്ജവം കാണിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിനു പകരം പരസ്യമായി ശാസിക്കുന്ന നടപടിയാണ് ഭരണകൂടത്തില്‍ നിന്നുണ്ടായത്. മാത്രവുമല്ല, കുരിശു പിഴുതെടുത്തത് എന്തോ പാതകമാണെന്നു വരുത്തി ഇനി മതചിഹ്നത്തിന്റെ പേരില്‍ നടക്കുന്ന ഒരു കൈയേറ്റത്തിനെയും തൊട്ടുപോകരുതെന്ന ഭീഷണിയും ഭരണാധിപന്മാര്‍ നല്‍കിയിരിക്കുകയാണ്.
സാമൂഹ്യദ്രോഹപരമായ കാര്യങ്ങള്‍ക്കായി ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ചിഹ്നം ഉപയോഗിച്ചാല്‍ അതു കുരിശായാലും മറ്റെന്തായാലും പവിത്രമായ വസ്തുവല്ല, ആദരിക്കപ്പെടേണ്ടതുമല്ല. അതു സാമൂഹ്യദ്രോഹികളുടെ ആയുധം മാത്രമാണ്. അതു തകര്‍ക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് മതവികാരമല്ല, സ്വാര്‍ഥതാല്‍പര്യമാണ്. ഇതു തിരിച്ചറിയാന്‍ ക്രിസ്തീയമതമേലധ്യക്ഷന്മാര്‍ക്കു കഴിഞ്ഞു. സഭ കൈയേറ്റം അംഗീകരിക്കുന്നില്ലെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകളില്‍ ആ തിരിച്ചറിയലുണ്ട്.
അതിനേക്കാള്‍ മഹത്തായ പ്രതികരണമാണ് യാക്കോബായ ബിഷപ്പില്‍ നിന്നുണ്ടായത്. കൈയേറ്റ ഭൂമിയിലെ കുരിശു പിഴുതതില്‍ ഏറ്റവും സന്തോഷിച്ചിരിക്കുക യേശുവായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. കൈയേറ്റത്തെയും കൈയൂക്കിനെയും ഒരു മതവും അംഗീകരിക്കുന്നില്ല. അംഗീകരിക്കാന്‍ പാടില്ല.
ഇതു തിരിച്ചറിയേണ്ടതു ഭരണകൂടമാണ്. ഇന്ന് ഒരു വിഭാഗം സാമൂഹ്യദ്രോഹികള്‍ മതചിഹ്നമുപയോഗിച്ചു കൈയേറ്റം നടത്തുന്നതു കണ്ടില്ലെന്നു നടിച്ചാല്‍, നാളെ സെക്രട്ടേരിയറ്റിന്റെയും നിയമസഭയുടെയും വളപ്പുകളില്‍ മതചിഹ്നം സ്ഥാപിച്ചു കൈയേറ്റം നടത്താന്‍ പലരും മടിക്കില്ല. അത്തരം നടപടികളിലൂടെ സാമുദായികസ്പര്‍ദ്ധ വളര്‍ത്തുന്നതിന് ഒരു കാരണം കണ്ടെത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരുണ്ട് ഇവിടെ. അതു മറക്കുന്നത് അപകടകരമാണ്. കൈയേറ്റത്തിനുപയോഗിച്ച കുരിശ് മാനവസാഹോദര്യത്തിനും സമാധാനത്തിനും 'കുരിശാ'യി മാറരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."