സ്ഥിതി ഗുരുതരം നടപടി ശക്തമാക്കി പൊലിസ്: മലപ്പുറത്ത് നിയമം ലംഘിച്ച രണ്ടുപേര്‍ക്ക് കൊവിഡ്, കേസെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കൊവിഡ് ഭീതിയുടെ ആശങ്ക നിലനില്‍ക്കുന്നതിനിടെ നടപടി ശക്തമാക്കി അധികൃതര്‍. തിരുവനന്തപുരത്തെ പാളയം മാര്‍ക്കറ്റ് അടച്ചു. കൊച്ചിയില്‍ സാമൂഹിക അകലം പാലിക്കാത്ത പലരെയും അറസ്റ്റ് ചെയ്തു. ജനങ്ങളുടെ സുരക്ഷ പ്രധാനമായതിനാല്‍ നിയമം ലംഘിക്കുന്നവരോട് ഇനി അഭ്യര്‍ഥനയില്ലെന്നും നടപടി മാത്രമായിരിക്കും ഉണ്ടാകുകയെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.
കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കി. ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രി അടക്കാന്‍ തീരുമാനിച്ചത്.
തലസ്ഥാനത്ത് കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പര്‍ വാര്‍ഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പര്‍ വാര്‍ഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
മലപ്പുറത്ത് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന രണ്ട് യുവാക്കള്‍ നിയന്ത്രണം ലംഘിച്ചു. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
അതേ സമയം രോഗ വ്യാപനത്തിന് ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. അങ്ങനെ സംശയിക്കേണ്ടി വരുമെന്നും അത്തരം സാഹചര്യമുണ്ടോയെന്ന് സംശയിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നു മന്ത്രി
വി.എസ്. സുനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.
എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കട അടപ്പിച്ചു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."