ആധാറില്‍ വഴിമുട്ടി ബീപാത്തുവിന്റെ ജീവിതം
ആലക്കോട്: ആധാറില്ലാതെ ക്ഷേമ പെന്‍ഷനുമില്ലെന്നു അധികാരികള്‍ പറഞ്ഞു കൈയൊഴിഞ്ഞതോടെ ബീപാത്തുവിന്റെ ദുരിതം ഇരട്ടിയായി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പാണ്ടികശാലയില്‍ ബീപാത്തു(76) ജന്മനാ അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലാണ്. അകന്ന ബന്ധുക്കളുടെ കരുണ കൊണ്ടു മാത്രമാണ് ജീവിതം തള്ളിനീക്കുന്നത്. 26 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ സഹോദര പുത്രി ഓലിയന്റകത്ത് സുബൈദയുടെ വീട്ടിലാണ് ബീപാത്തുവിന്റെ താമസം. പന്ത്രണ്ടു വര്‍ഷം മുമ്പ് വരെ കൈകാലുകള്‍ നിലത്തൂന്നി വീടിനുള്ളില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതിനുമാവുന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു തവണ പെന്‍ഷന്‍ ലഭിച്ചിരുന്നെങ്കിലും തുടര്‍ന്നിങ്ങോട്ട് അതു മുടങ്ങി. ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് പെന്‍ഷന്‍ ലഭ്യമാക്കാന്‍ സാങ്കേതിക ബുധിമുട്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. രണ്ടു തവണ ആധാര്‍ എടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയെങ്കിലും കൈകളില്‍ രക്തഓട്ടം ഇല്ലെന്ന പേരില്‍ അവര്‍ തിരിച്ചു പോവുകയായിരുന്നു. മരുന്നിനും മറ്റുമായി നല്ലൊരു തുക ആവശ്യമുള്ള സമയത്ത് പെന്‍ഷന്‍ ഇവര്‍ക്ക് ഒരനുഗ്രഹമായിരുന്നു.
കൂലിപ്പണിയെടുത്ത് ജീവിതം തള്ളിനീക്കുന്ന സുബൈദക്ക് ബീപാത്തുവിന്റെ ചികിത്സാ ചെലവുകൂടി കണ്ടെത്തുക എന്നത് ഏറെ ക്ലേശകരമാണ്. തളര്‍ന്ന കൈകളിലെ രക്ത ധമനികള്‍ പൂര്‍വസ്ഥിതിയിലാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്നിരിക്കെ ക്ഷേമ പെന്‍ഷനു വേണ്ടിയുള്ള നൂലാമാലകളില്‍ നിന്നു രക്ഷിക്കാന്‍ അധികാരികളുടെ കരുണ തേടുകയാണ് ഈ വയോധിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."