HOME
DETAILS
MAL
തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍
backup
July 05 2020 | 02:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കുതിച്ചുയരുന്ന കൊവിഡ് രോഗ ബാധിതര്‍ക്കൊപ്പം ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും കൂടിയതോടെ തലസ്ഥാനം കൊവിഡ് വ്യാപന ഭീതിയില്‍. എ.ആര്‍ ക്യാംപിലെ പൊലിസുകാരന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്നലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും, പൂന്തുറ കുമരിചന്തയിലെ മത്സ്യ വില്‍പനക്കാരനും പൂന്തുറ പൊലിസ് സ്‌റ്റേഷനു സമീപത്ത് താമസക്കാരായ രണ്ടു പേര്‍ക്കും ഉറവിടമറയാത്ത രോഗം സ്ഥിരീകരിച്ചതാണ് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുന്നത്.
പൊലിസ്ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ എ.ആര്‍ ക്യാപിലും, സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലിസുകാരുടേയും സ്രവം ഇന്നലെ പരിശോധനക്ക് അയച്ചു. 103 പേരുടെ സ്രവമാണ് പരിശോധിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് പരിശോധനാ ഫലം വരുമ്പോള്‍ മാത്രമേ ആര്‍ക്കെല്ലാം രോഗം പകര്‍ന്നിട്ടുണ്ടെന്ന് ഉറപ്പിക്കാനാകൂ. ഇതു കൂടാതെ വിമാനത്താളത്തിലും റെയിവേ സ്‌റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരുടേയും ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള പൊലിസുകാരുടേയും സ്രവം ഇന്നും നാളെയുമായി പരിശോധിക്കും.
ഉറവിടമറിയാത്ത രോഗികള്‍ കൂടിയ തലസ്ഥാനത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ അടുത്ത ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നു. നഗരപരിധിയിലെ കടകള്‍ക്ക് രാത്രി ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു. പാളയം മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. പൊലിസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നന്ദാവനം എ.ആര്‍ ക്യാംപും സെക്രട്ടേറിയറ്റും കമ്മിഷനര്‍ ഓഫിസും അണുവിമുക്തമാക്കി. എ.ആര്‍ ക്യാംപ് അടച്ചു. പൊലിസുകാരന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 28 പേരെ ക്വാറന്റൈനിലാക്കി. നഗരത്തിലെ പൊലിസ് വിന്യാസം കുറച്ചു. നഗരവാസികളും നഗരത്തിലേക്ക് വരുന്നവരും മടങ്ങുന്നവരും ബ്രേക്ക് ദ ചെയിന്‍ ഡയറി നിര്‍ബന്ധമായും സൂക്ഷിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."