ചരിത്ര നേട്ടത്തില്‍ ഇടുക്കി വൈദ്യുതി പദ്ധതി; ഉല്‍പാദനം ഒരുലക്ഷം മില്യന്‍ യൂനിറ്റിലേക്ക്
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി ചരിത്ര നേട്ടത്തിലേക്ക്. പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതോല്‍പാദനം ഒരു ലക്ഷം മില്യണ്‍ യൂനിറ്റിലേക്ക് എത്തുന്നു. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം 99951.109 മില്യണ്‍ യൂനിറ്റില്‍ ഉല്‍പാദനം എത്തി. രാജ്യത്ത് ആദ്യമായാണ് ഒരു ജല വൈദ്യുതി നിലയത്തില്‍ നിന്നും ഇത്രയും ഉല്‍പാദനം നടക്കുന്നത്. മഹാരാഷ്ട്രയിലെ കൊയ്‌ന ജലവൈദ്യുതി പദ്ധതി ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അത് ഇടുക്കിയുടെ രണ്ടര ഇരട്ടി ശേഷിയുള്ളതും മൂന്ന് നിലയങ്ങള്‍ അടങ്ങിയതുമാണ്. 1960 മെഗാവാട്ടാണ് കൊയ്‌ന പദ്ധതിയുടെ ഉല്‍പാദന ശേഷി.
ചരിത്രനേട്ടം വന്‍ ആഘോഷമാക്കാനായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷം പരിമിതപ്പെടുത്തും. 11 ന് വൈദ്യുതി മന്ത്രി എം.എം. മണി, കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ് പിള്ള അടക്കം പങ്കെടുക്കുന്ന ചെറിയ ആഘോഷ പരിപാടി മൂലമറ്റത്ത് നടക്കും.
1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുറവന്‍-കുറത്തി മലകള്‍ക്കിടയില്‍ 500 അടിയിലേറെ ഉയരത്തില്‍ പണിത ആര്‍ച്ച് ഡാമിന് പിന്നില്‍ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ വെള്ളം, പാറക്കുള്ളില്‍ തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയ ഇന്നും അത്ഭുതത്തോടെ മാത്രമേ വീക്ഷിക്കാനാകൂ. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്. രണ്ട് ഘട്ടങ്ങളായാണ് ഇവ സ്ഥാപിച്ചത്. 1086 ലാണ് ആറാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമായത്. 220 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. ഇത്തരം ഒരു പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് 3,000 കോടി രൂപ വേണ്ടി വരും. ഇടുക്കിയില്‍ നിന്ന് ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇപ്പോള്‍ ചെലവ് യൂനിറ്റിന് 25 പൈസയാണ്.
സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി പദ്ധതി വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ ഊര്‍ജസ്രോതസാണ് കേരളത്തിന്റെ ജലവൈദ്യുതോല്‍പാദനത്തിന്റെ മുക്കാല്‍ പങ്കും നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."