പെരിഞ്ഞനത്ത് അടച്ചിട്ട വീട്ടില്‍ തീപിടിത്തം: കത്തിച്ചതെന്ന് സംശയം
കയ്പമംഗലം: പെരിഞ്ഞനത്ത് വീട്ടമ്മ തനിച്ച് താമസിക്കുന്ന വീട്ടില്‍ തീപിടിത്തം. സാമൂഹിക വിരുദ്ധര്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കാണിച്ച് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മൂന്നുപീടിക ബീച്ച് റോഡില്‍ മഹ്ളറ പള്ളിക്കടുത്ത് താനത്തുപറമ്പില്‍ പരേതനായ ഷംസുദ്ദീന്റെ ഭാര്യ ഖദീജയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. തനിച്ചായതിനാല്‍ എന്നും രാത്രി അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ കിടക്കാന്‍ പോകാറുള്ള ഖദീജ ഇന്നലെ രാവിലെ 10 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് തീപിടിത്തം അറിയുന്നത്.
വീടിനുള്ളിലെ കിടപ്പുമുറിയും കട്ടില്, കിടക്ക, അലമാര, വസ്ത്രങ്ങള്‍, തയ്യല്‍ മെഷിന്, കര്ട്ടണ്, കസേര, ബെഡ്, കബോര്‍ഡ് എന്നിവ പൂര്‍ണമായും കത്തിയമര്‍ന്നു.
മുറിക്കകത്തെ വൈദ്യുതി ഉപകരണങ്ങളില്‍ നിന്നും തീപിടിത്തമുണ്ടായതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും തീപിടിത്തത്തിനുള്ള മറ്റ് സാഹചര്യങ്ങളും ഉണ്ടായിരുന്നില്ലെന്നും ഖദീജ പറയുന്നു.
ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടിലെ വിറക്പുരയും കത്തിനശിച്ചിരുന്നു. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കയ്പമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."