അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടം പിന്നിട്ടു 23 ദിവസത്തില്‍ പൂര്‍ത്തിയായത് 46 കുളങ്ങള്‍
കൊച്ചി: ജലസ്രോതസുകളെ തെളിനീര്‍ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടം സമാപിച്ചപ്പോള്‍ ജില്ലയില്‍ ഇതുവരെ നവീകരിച്ചത് 46 കുളങ്ങള്‍. 23 ദിവസത്തിലാണ് ഈ നേട്ടം. 28 കുളങ്ങള്‍ ഉള്‍പ്പെട്ട മൂന്നാംഘട്ടത്തില്‍ ഇന്നലെ വൃത്തിയാക്കിയത് 15 കുളങ്ങളാണ്. 13 കുളങ്ങളുടെ നവീകരണം ശനിയാഴ്ച്ച പൂര്‍ത്തിയായിരുന്നു.
ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളിലായി ഏഴ് കുളങ്ങള്‍ വൃത്തിയാക്കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എട്ട്, ഒമ്പത് തീയതികളില്‍ നടന്ന രണ്ടാംഘട്ടത്തില്‍ 11 കുളങ്ങളില്‍ തെളിനീര്‍ നിറഞ്ഞു.
കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയൂടെ നേതൃത്വത്തിലാണ് സന്നദ്ധപ്രവര്‍ത്തകരും തദ്ദേശ സ്ഥാപന പ്രതിനിധികളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ കുളങ്ങളുടെ നവീകരണത്തിനായി രംഗത്തിറങ്ങിയത്.
ആമ്പല്ലൂര്‍ ചാത്തക്കുളം, എടത്തല മോച്ചക്കുളം, ചിന്നുക്കുളം, പഞ്ചന്‍കുളം, ഏലൂര്‍ ഇലഞ്ഞിക്കല്‍ അമ്പലക്കുളം, കാലടി കണ്ണന്‍കുളം, കുണ്ടുകുളം, മുത്താട്ടിക്കുളം, കളമശ്ശേരി ഇലഞ്ഞിക്കുളം, ഇലയന്റെ കുളം, മൂക്കന്നൂര്‍ വലിയചിറ, പാണ്ടിപ്പിള്ളിച്ചിറ, തിരുവാണിയൂര്‍ മരുതന്‍മലച്ചിറ, തുറവൂര്‍ വെളിയപറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ കുളം, തൃക്കാക്കര പാരുപിച്ചിറക്കുളം എന്നിവയാണ് മൂന്നാംഘട്ടത്തിന്റെ രണ്ടാംദിവസം വൃത്തിയാക്കിയത്.
ഹരിതകേരളം മിഷന്‍, അന്‍പൊടു കൊച്ചി, നെഹ്‌റു യുവകേന്ദ്ര, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് പുറമെ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടത്തല അല്‍ അമീന്‍ കോളേജ്, കാലടി ആദിശങ്കര എഞ്ചിനീയറിങ് കോളേജ്, കളമശ്ശേരി ഗവ ഐ.ടി.ഐ, മൂക്കന്നൂര്‍ ഫിസാറ്റ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും കുന്നത്തേരി ന്യൂ സ്റ്റാര്‍ ക്ലബ്ബ്, കൊക്കപ്പിള്ളി ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ്, തുതിയൂര്‍ ജനജാഗ്രത സമിതി, പുലരി ക്ലബ്ബ് പ്രവര്‍ത്തകരും കുളം ശുചീകരണപദ്ധതിയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."