വിദേശ ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷത്തോളം തട്ടിയ ട്രാവല്‍സ് ഉടമയും ജീവനക്കാരും പിടിയില്‍
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയ ട്രാവല്‍ഏജന്‍സി ഉടമയും കൂട്ടാളികളും പൊലിസ് പിടിയിലായി. കോഴിക്കോട് ചിന്താവളപ്പിലെ റിസാ ട്രാവല്‍സ് ഉടമയും ജീവനക്കാരുമാണ് പിടിയിലായത്. പലരില്‍ നിന്നായി 50 ലക്ഷത്തോളം ഇയാള്‍ തട്ടിയെടുത്തെന്നാണ് പൊലിസ് കരുതുന്നത്. ഉടമ തേഞ്ഞിപ്പലം സ്വദേശി യാസിദ്, ജീവനക്കാരായ കണ്ണൂര്‍ സ്വദേശിനി ഐശ്വര്യ, മഞ്ചേരി സ്വദേശി മുഹമ്മദ് നിസാര്‍ എന്നിവരാണ് കസബ പൊലിസിന്റെ പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് 30,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ പലരില്‍ നിന്നായി ഈടാക്കിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പിന്നീട് സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയും ചെയ്തു. അന്നശ്ശേരി സ്വദേശി ബിബിന്‍ മോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടമയെ പൊലിസ് കുടുക്കിയത്. ഇയാള്‍ക്ക് 30,000 രൂപയാണ് നഷ്ടമായത്. 30 ലേറെ പേര്‍ വഞ്ചിക്കപ്പെട്ടതായി കരുതുന്നു. മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശി ഫിറോസ്, മഞ്ചേരി സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരും പരാതിയുമായി എത്തിയിട്ടുണ്ട്.
യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്. ചിലര്‍ക്ക് വിസ കോപ്പി നല്‍കിയത് പോലും വ്യാജമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സ്ഥാപനം തുടങ്ങിയത്. ഏപ്രിലില്‍ പൂട്ടുകയും ചെയ്തു. മൂന്നു മാസത്തിനകം പണം നല്‍കാമെന്ന് പറഞ്ഞ് ഉടമ മുങ്ങുകയായിരുന്നുവത്രെ. റിക്രൂട്ടിങിനു മാത്രമല്ല ട്രാവല്‍ ഏജന്‍സിക്കുള്ള ലൈസന്‍സു പോലുമില്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലിസ് പറഞ്ഞു.
നേരത്തെ ജോബ് സര്‍ക്കിള്‍ എന്ന പേരില്‍ കോഴിക്കോട്ട് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നുവത്രെ. പിന്നീട് അത് പൂട്ടുകയായിരുന്നു. എന്നാല്‍ ജോബ് സര്‍ക്കിള്‍ മറ്റൊരാളുടെ സ്ഥാപനമായിരുന്നുവെന്നും താന്‍ സഹായി മാത്രമായിരുന്നുവെന്നുമാണ് യാസിദ് പൊലിസിനോട് പറഞ്ഞത്.
കൂടുതല്‍ പേര്‍ ഇനിയും പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നാണ് പൊലിസ് കരുതുന്നത്. കസബ എസ്.ഐ കെ.ടി ബിജീത്, എ.എസ്.ഐമാരായവിനോദ്കുമാര്‍, ദിനേശന്‍ , സി.പി.ഒ. സജീവന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."