പ്ലസ്‌വണ്‍ പ്രവേശനം ഇത്തവണയും ഇഴയും
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെപ്പോലെ പ്ലസ് വണ്‍ പ്രവേശനം ഇത്തവണയും വൈകാന്‍ സാധ്യത. മെയ് മാസത്തില്‍ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഉണ്ടാകുമെങ്കിലും മൂന്നുമാസമെങ്കിലും വൈകിയായിരിക്കും ഇത്തവണയും പ്ലസ്‌വണ്‍ പ്രവേശനം. വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇക്കുറിയും ക്ലാസുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളുടെ പഠനമികവിനെ ബാധിക്കുന്ന സര്‍ക്കാര്‍ അലംഭാവത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തിയായതിനാല്‍ അടുത്ത മാസം ആദ്യവാരം എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനമുണ്ടാകും. ഇതിനാല്‍ ജൂണില്‍ തന്നെ ക്ലാസ് ആരംഭിക്കാവുന്നതേയുള്ളൂ.
എന്നാല്‍ പ്രവേശന നടപടികള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27നായിരുന്നു പ്ലസ്‌വണ്‍ പ്രവേശനദിനമെങ്കിലും ഓണാവധി കഴിഞ്ഞ് സെപ്തംബര്‍ പകുതിയോടെയാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചത്. അതിനാല്‍ മൂന്നുമാസത്തെ പഠനദിനങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത്.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം വന്നാലുടന്‍ പ്ലസ്‌വണ്‍ പ്രവേശനം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മെയില്‍ തന്നെ സ്വീകരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. ജൂണില്‍ തന്നെ ക്ലാസ് തുടങ്ങാനുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. ഇതിനൊക്കെ നേതൃത്വം നല്‍കേണ്ട ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇതുവരെ ചുമതലയേറ്റിട്ടില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.
ഡയറക്ടറായിരുന്ന എം.എസ് ജയയെ മാറ്റിയിട്ട് ഒരുമാസത്തോളമായി. പുതിയ ഡയറക്ടറെ നിയമിച്ചെങ്കിലും അദ്ദേഹം ഇതുവരെ ചുമതലയേറ്റിട്ടില്ല. സംസ്ഥാനത്തെ 172 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. ഇവരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇഴയുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ 424 സ്‌കൂളുകളില്‍ ഇതുവരെ സ്ഥിരനിയമനം നടന്നിട്ടില്ല.
എന്‍.സി.ഇ.ആര്‍.ടി സിലബസ് അതേപടി സ്വീകരിച്ചിട്ടുള്ള പ്ലസ്ടു പാഠഭാഗങ്ങള്‍ അങ്ങേയറ്റം കഠിനമാണ്. ഇതിനിടയിലാണ് കുട്ടികള്‍ക്ക് മൂന്നുമാസത്തോളം നഷ്ടപ്പെടുന്നത്. വിദ്യാര്‍ഥികളുടെ പഠനമികവിനെ കാര്യമായി ബാധിക്കുന്ന ഈ സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധവും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."