രോഗം വിളമ്പി ഹോട്ടല്‍ അധികൃതര്‍; പരിമിതികളില്‍ കുരുങ്ങി ആരോഗ്യവകുപ്പ്
കോഴിക്കോട്: ഹോട്ടലുകളില്‍ പഴയതും ഉപയോഗശൂന്യമായതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതു തുടര്‍ക്കഥയായിട്ടും പ്രശ്‌നത്തിന് അറുതിവരുത്താനാവാതെ ആരോഗ്യവകുപ്പ് അധികൃതര്‍. കര്‍ശനനിയമത്തിന്റെ അഭാവവും ആവശ്യത്തിനു ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ആരോഗ്യവകുപ്പിനു വിനയാകുന്നത്.
ജില്ലയിലെ ഏതാനും ഹോട്ടല്‍, ബേക്കറി എന്നിവിടങ്ങളില്‍ നിന്നായി അടുത്തകാലത്തായി നിരവധി പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയിരുന്നു. പിഴ ചുമത്തുകയും നോട്ടിസ് നല്‍കുകയും ചെയ്ത മിക്ക സ്ഥാപനങ്ങളും വീണ്ടും പഴകിയ സാധനങ്ങളുടെ വില്‍പന ആവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞദിവസം ഫറോക്കില്‍ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു. മുന്‍പും ഈ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവാത്തതും 10,000 രൂപ വരെ പിഴ ചുമത്തിയാല്‍ സ്ഥാപനം വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാം എന്നതും കടയുടമകള്‍ക്കു തുണയാകുന്നു. പേരാമ്പ്രയിലും വടകരയിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 2,200ഓളം ഭക്ഷണ ശാലകളാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവ എത്രയാണെന്ന കാര്യത്തില്‍ അധികൃതര്‍ക്കു കൃത്യമായ ധാരണയില്ല. അതു കൂടാതെയാണ് വൈകിട്ടു മുതല്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍. രാമനാട്ടുകര-വെങ്ങളം ദേശീയപാതയില്‍ മാത്രം നൂറിലേറെ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോര്‍പറേഷന്‍ ആരോഗ്യവകുപ്പിന്റെ ജോലിസമയം കഴിഞ്ഞാണു തട്ടുകടകള്‍ പ്രവര്‍ത്തിക്കുക എന്നതിനാല്‍ ഇവിടെ കൃത്യമായ പരിശോധന നടക്കാറില്ല. ജില്ലയിലെ ഭക്ഷ്യസുരക്ഷാ അധികൃതരാണെങ്കില്‍ ജീവനക്കാരുടെ അഭാവവും ആവശ്യത്തിനു വാഹനങ്ങളില്ലെന്ന കാരണത്താലും കൂടുതല്‍ പരിശോധനക്കും തയാറാകുന്നുമില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പിനാണു കാര്യക്ഷമമായി ഈ വിഷയത്തില്‍ ഇടപെടാനാവുക. തയാറായ ഭക്ഷണ പദാര്‍ഥങ്ങളുടെ സാംപിള്‍ ശേഖരിക്കാനും കൂടുതല്‍ തുക പിഴ ചുമത്താനുമുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനാണുള്ളത്. കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും കൃത്യമായ നിയമനിര്‍മാണം നടത്തി നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധിച്ചാലെ ഹോട്ടലുകളിലെ പഴകിയ ഭക്ഷ്യവില്‍പനക്ക് അറുതിവരുത്താനാവൂ എന്നാണ് അധികൃതരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."