'മാധ്യമങ്ങള്‍ക്കുള്ള നിയമങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ക്കും ബാധകമാക്കണം'
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും വര്‍ഗീയ പ്രചാരണങ്ങളും തടയാന്‍ നിര്‍ദേശങ്ങളുമായി മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇള്‍പ്പടെയുള്ള പ്രമുഖര്‍.
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എന്‍ ഗോപാലസ്വാമി, എസ് വൈ ഖുറേഷി തുടങ്ങി 167 പ്രമുഖരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആറു നിര്‍ദേശങ്ങളും അതിന്റെ ഉപ നിര്‍ദേശങ്ങളും അടങ്ങുന്ന ശുപാര്‍ശ തയാറാക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളും മാധ്യമങ്ങളാണെന്നും അതിനാല്‍ മാധ്യമങ്ങള്‍ക്ക് മേലുള്ള നിയമങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ക്കും ബാധകമാണെന്നും ശുപാര്‍ശ ചൂണ്ടിക്കാട്ടുന്നു.
നിമിഷനേരങ്ങള്‍ക്കകമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. മതം, ജാതി തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ളവ ഇതുവഴി പരക്കുകയാണ്. ഏറെ അപകടകാരികളാണ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും ഇതു സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ എസ്.വൈ. ഖുറേഷി പറഞ്ഞു.
സ്ഥാനാര്‍ഥികളുടെതിന് പുറമെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ പ്രചാരണവും അതിന്റെ ചിലവും നിരീക്ഷിക്കുക, രാഷ്ട്രീയപ്പാര്‍ട്ടികളോട് അവരുടെ ഐ.ടി മീഡിയ സെല്ലുകളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും അവര്‍ ഇതിനായി നിയോഗിച്ച ഏജന്‍സികളുടെയും വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുക, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരിക, വ്യാജവാര്‍ത്ത തടയാന്‍ നോഡല്‍ ഡിപാര്‍ട്ടുമെന്റിനെ നിയോഗിക്കുക, വര്‍ഗീയതയും ജാതീയതയും പ്രചരിപ്പിക്കുന്നത് തടയാന്‍ ആപ്പ് തയാറാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."