കരിപ്പൂരില്‍ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന
കൊണ്ടോട്ടി: വലിയ വിമാനങ്ങളും അധിക സര്‍വിസുകളും ആരംഭിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2018-ഏപ്രില്‍ മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവില്‍ കരിപ്പൂരില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 23.3 ശതമാനത്തിന്റെയും, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 3.9 ശതമാനത്തിന്റെയും വര്‍ധനയാണുള്ളത്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ മറികടന്ന് കരിപ്പൂര്‍ ഏഴ് ശതമാനത്തിന്റെ അധികനേട്ടമുണ്ടാക്കി. കൊച്ചിയില്‍ 0.6 ശതമാനവും തിരുവനന്തപുരത്ത് 2.3 ശതമാനവും മാത്രമാണ് വര്‍ധന.
കരിപ്പൂരില്‍ 2018-ഏപ്രില്‍ മുതല്‍ 2019 ഫെബ്രുവരി വരെ 5,78,026 യാത്രക്കാരാണ് ആഭ്യന്തര സെക്ടറില്‍ പറന്നത്. എന്നാല്‍ തൊട്ടുമുന്‍പുള്ള വര്‍ഷം യാത്രക്കാരുടെ എണ്ണം 4,68,706 മാത്രമായിരുന്നു. കൊച്ചിയില്‍ 47,69,844 പേരാണ് ആഭ്യന്തരയാത്രക്കാര്‍. തൊട്ടുമുന്‍പുള്ള വര്‍ഷം 43,94,666 ആയിരുന്നു. 8.5 ശതമാനത്തിന്റെ വര്‍ധനവാണ് കൊച്ചിയിലുണ്ടായത്. തിരുവനന്തപുരത്ത് 17,79,724 പേരാണ് യാത്ര ചെയ്തത്. തൊട്ടുമുന്‍പുള്ള വര്‍ഷം 17,49,247 പേരായിരുന്നു. 1.7 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണുണ്ടായത്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 3.9 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായത്. 25,12,030 യാത്രക്കാരാണ് ഫെബ്രുവരി വരെ ഉണ്ടായത്. തൊട്ടുമുന്‍പുള്ള വര്‍ഷം 24,18,209 യാത്രക്കാരായിരുന്നു. കൊച്ചിയില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുള്ളത്. 45,15,075 യാത്രക്കാരാണ് കൊച്ചിയിലുണ്ടായത്. എന്നാല്‍ തൊട്ടുമുന്‍പുള്ള വര്‍ഷമിത് 48,36,414 ആയിരുന്നു. തിരുവനന്തപുരത്ത് 2.8 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 23,31,919 യാത്രക്കാരാണ് തിരുവനന്തപുരത്തുണ്ടായത്. മുന്‍വര്‍ഷം 22,68,848 മാത്രമായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ വലിയ വിമാന സര്‍വിസ് ആരംഭിച്ചതും കൂടുതല്‍ വിമാനങ്ങളെത്തിയതുമാണ് കരിപ്പൂരിന് അന്താരാഷ്ട്ര സെക്ടറില്‍ നേട്ടമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 2,15,000 യാത്രക്കാരുണ്ടായി. എന്നാല്‍ 2018 ഫെബ്രുവരിയില്‍ ഇത് 1,94,997 മാത്രമായിരുന്നു. 10.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കരിപ്പൂരില്‍ എയര്‍ഇന്ത്യയും കൂടുതല്‍ വിദേശ വിമാനങ്ങളും സര്‍വിസ് ആരംഭിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."