HOME
DETAILS
MAL
യു.എസില്‍ നിന്ന് പ്രിഡേറ്റര്‍ ബി ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ
backup
July 07 2020 | 02:07 AM
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ യു.എസില്‍നിന്ന് അത്യാധുനിക ഡ്രോണുകള്‍ സ്വന്തമാക്കാന്‍ പദ്ധതിയുമായി ഇന്ത്യ. ഡ്രോണ്‍ വാങ്ങാനുള്ള താല്‍പ്പര്യം യു.എസിനെ അറിയിച്ചതായാണ് വിവരം. മീഡിയം ആള്‍റ്റിറ്റിയൂഡ് ലോങ് എന്‍ഡുറന്‍സ് (എം.എ.എല്‍.ഇ) പ്രിഡേറ്റര്‍ ബി ഡ്രോണുകളാണ് ഇന്ത്യ വാങ്ങാന്‍ ശ്രമിക്കുന്നത്. ഇവയ്ക്ക് ഉയര്‍ന്ന് പറന്ന് നിരീക്ഷണം നടത്താനും ശത്രു സങ്കേതങ്ങള്‍ കണ്ടെത്താനും മിസൈല്‍ ഉപയോഗിച്ചോ ലേസര്‍ ഗൈഡഡ് ബോംബ് ഉപയോഗിച്ചോ അവ തകര്‍ക്കാനുള്ള ശേഷിയുമുണ്ട്. ഇറാഖ്, അഫ്ഗാന്, സിറിയന്‍ യുദ്ധങ്ങളില്‍ പ്രിഡേറ്റര്‍ ബി ഡ്രോണുകളായിരുന്നു യു.എസ് വ്യോമാക്രമണത്തിന് ഉപയോഗിച്ചിരുന്നത്.
നിലവില്‍ കിഴക്കന്‍ ലഡാക്കില്‍ ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ചൈനയുടെ പക്കല്‍ അത്യാധുനിക വിങ് ലൂങ് 2 എന്ന അറ്റാക് ഡ്രോണുകളുണ്ട്. രണ്ടു ഡ്രോണുകള്‍ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് വിങ് ലൂങ് 2 സിസ്റ്റം പാകിസ്താന് വില്ക്കാന് ചൈന തയാറായിട്ടുണ്ട്. ചൈനയുമായി സഹകരിച്ച് 48 ഡ്രോണുകള്‍ നിര്‍മിക്കാനും പാകിസ്താന് പദ്ധതിയുണ്ട്. ചൈനാ-പാക് സാമ്പത്തിക ഇടനാഴിയെയും ചൈനീസ് സേനയുടെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഗ്വാദാര്‍ താവളവത്തെയും ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തര പ്രാധാന്യത്തോടെ യു.എസില്‍ നിന്ന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ നീക്കം നടത്തുന്നത്.
ഇന്ത്യയ്ക്ക് 400 കോടി ഡോളറിന് 30 സീ ഗാര്ഡിയന് ഡ്രോണുകള്‍ നല്‍കാമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പ്രിഡേറ്ററിനേപ്പോലെ തന്നെയാണെങ്കിലും ഇതിന് ആയുധം വഹിച്ച് ആക്രമണം നടത്താനുള്ള സംവിധാനങ്ങളില്ല. ഈയൊരു കാരണം കൊണ്ട് സീ ഗാര്ഡിയന് വാങ്ങാന്‍ ഇന്ത്യ താല്പ്പര്യപ്പെട്ടില്ല.
എന്നാല്‍ പ്രിഡേറ്റര്‍ ഡ്രോണ്‍ ഇന്ത്യക്ക് നല്കുന്നതില് നിന്ന് അമേരിക്കയെ തടയുന്നത് അതിന്റെ സാങ്കേതിക വിദ്യ റഷ്യ ചോര്‍ത്തുമോ എന്ന ഭയമാണെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല റഷ്യയില്‍ നിന്ന് എസ്400 മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിലും യു.എസിന് അതൃപ്തിയുണ്ട്.
അതേസമയം, ഇന്ത്യ തദ്ദേശീയമായി സമാനമായ ഡ്രോണ്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."