വീട്ടമ്മയില്‍നിന്ന് പണം തട്ടിയെടുത്ത പ്രതി 9 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
ചങ്ങനാശേരി: വ്യാപാരസ്ഥാപനം സജ്ജമാക്കി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയില്‍നിന്ന് അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മുങ്ങിനടന്ന വാറണ്ട് പ്രതിയെ തൃക്കൊടിത്താനം പൊലിസ് അറസ്റ്റ് ചെയ്തു. കരുവാറ്റ ചക്കിട്ടയില്‍ ജയചന്ദ്രന് (40) ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം എസ്.എച്ച്.ഒ പി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2010ലാണ് കേസിനാസ്പദമായ സംഭവം. മാടപ്പള്ളി ഇല്ലിമൂട് വഴീപ്പറമ്പില്‍ ജയിംസാണ് പരാതിക്കാരന്. തന്റെ ഭാര്യ ഷീലയുടെ 326 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് ജയചന്ദ്രന് പണം തട്ടിയടുത്തെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്ന് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ജയചന്ദ്രന് ഒമ്പതു വര്‍ഷമായി ഒളിവിലായിരുന്നു. തൃക്കൊടിത്താനം പൊട്ടശാല ഭാഗത്ത് താമസിച്ചാണ് ജയചന്ദ്രന് തട്ടിപ്പ് നടത്തിയത്. ഷീല രണ്ടു വര്‍ഷം മുമ്പ് പാമ്പാടിയില്‍ താമസിക്കെ തീപ്പൊള്ളലേറ്റ് മരണപ്പെട്ടിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."