നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായി
കൊച്ചി: രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസഹമായി. ശനിയാഴ്ച്ച രാത്രിയോടെ ശക്തിപ്രാപിച്ച മഴ ഞായറാഴ്ചയും ഇന്നലെയും തുടര്‍ന്നു. ഇതോടെ നഗരത്തിലെ താണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിലായി. കാനകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. റോഡുകളും വെള്ളത്തില്‍തന്നെ. മഴയില്‍ നഗരത്തിലെ ഗതാഗതവും താറുമാറായി. മണിക്കൂറുകളോളം റോഡുകള്‍ ഗതാഗത കുരുക്കിലായി. വെള്ളക്കെട്ടില്‍ കുഴിയും കാനയും തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഇരുചക്ര വാഹനങ്ങളും ചെറു കാറുകളും അപകടത്തില്‍പെടുകയാണ്.
നിരവധി കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന കമ്മട്ടിപ്പാടം, പി ആന്‍ഡ് ടി കോളനി, ഉദയകോളനി എന്നിവിടങ്ങളിലും എറണാകുളം സൗത്ത്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. പേരണ്ടൂര്‍ കനാലിനോട് ചേര്‍ന്നുകിടക്കുന്ന പി ആന്‍ഡ് ടി കോളനിയില്‍ കനാല്‍ നിറഞ്ഞു കവിഞ്ഞ് മലിനജലം വീടുകളിലേക്ക് കയറിയതോടെ കുട്ടികളും പ്രായമായവരുമുള്‍പ്പെടെ വെള്ളത്തിലായി. 85 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കമ്മട്ടിപ്പാടത്തെയും ഉദയാകോളനിയിലെയും അവസ്ഥ വ്യത്യസ്തമല്ല. കമ്മട്ടിപ്പാടത്തും ഉദയാകോളനിയിലും മാത്രമായി നൂറോളം വീടുകളാണുള്ളത്. വീടുകളില്‍ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാനും കുട്ടികള്‍ക്ക് സ്ക്കൂളില്‍ പോകാനുമൊന്നും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
നഗരത്തില്‍ കലൂര്‍, പാലാരിവട്ടം, കാക്കനാട് പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മേനക ഷണ്മുഖം റോഡില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. മഹാരാജാസ് കോളജ്, ലോ കോളജ് ഭാഗങ്ങളില്‍ റോഡിലെ കുഴികള്കാണാന് സാധിക്കാത്ത വിധം വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്.
പാലാരിവട്ടം കാക്കനാട് റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല. വന്‍ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികള്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്രക്ര വാഹനങ്ങള്‍ക്കും ചെറു കാറുകള്‍ക്കും ഭീഷണിയാണ്. മഴയ്ക്കൊപ്പം ഇടക്കിടെ ശക്തമായ കാറ്റും ഭീതി വിതയ്ക്കുന്നുണ്ട്. തീരദേശങ്ങളിലും മഴ ദുരിതം വിതയ്ക്കുന്നുണ്ട്.
മൂവാറ്റുപുഴ: കാലവര്‍ഷത്തോടൊപ്പം ആഞ്ഞ് വിശിയ കാറ്റില്‍ മൂവാറ്റുപുഴയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ രാവിലെ 11മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരം വീണ് ഒരു വീട് തകര്‍ന്നു. നിരവധി മരങ്ങള്‍ മറിഞ്ഞു വീണു. കിഴക്കേക്കര കുരുപ്പത്തടം കോളനിയില്‍ കുരുപ്പതടത്തില് തങ്കമ്മ അയ്യപ്പന്റ വീടിനു മുകളില്‍ കമുക്വീണ് മേല്‍കൂര തകര്‍ന്നു. തൊട്ടടുത്ത് വലിയപറമ്പില്‍ വിജയന്റെ പറമ്പില്‍ മരങ്ങള്‍ നിലംപൊത്തി. കാവുംങ്കര വടക്കേടത്ത് ബഷീറിന്റെ പുരയിടത്തില്‍ പുളി, പ്ലാവ്, തേക്ക്, ആഞ്ഞിലിമരങ്ങള്‍ മറിഞ്ഞു വീണു. പ്രദേശത്ത് വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപൊക്ക ഭീഷണിയിലാണ്.
മട്ടാഞ്ചേരി: ഞായറാഴ്ച തുടങ്ങിയ തോരാമഴയില്‍ പശ്ചിമകൊച്ചിയില്‍ ജനം ദുരിതത്തിലായി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ വെള്ളക്കെട്ടിലമര്‍ന്നു. തകര്‍ന്ന റോഡുകളിലുടെ വാഹനങ്ങളുടെ ഇഴഞ്ഞുനീങ്ങിയുള്ള യാത്ര നിരന്തര ഗതാഗത സ്തംഭനത്തിനിടയാക്കി. കുഴികളില്‍പ്പെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളും സ്ത്രീകളും വലഞ്ഞു.
നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ ട്രിപ്പു മുടക്കിയതോടെ ഉച്ചയോടെ നഗരത്തിലേയ്ക്കും തിരിച്ചുമുള്ള യാത്ര കാത്തിരിപ്പായി. റോഡുകളിലെ വെള്ളക്കെട്ടും മാലിന്യങ്ങളും വഴിയാത്രയും ദുരിതത്തിലാക്കി. മട്ടാഞ്ചേരി, ഇരവേലി, കൂവപ്പാടം, ചുള്ളിക്കല്‍, സ്റ്റാച്ചു, തോപ്പുംപടി എന്നിവിടങ്ങള്‍ വെള്ളക്കെട്ടിലായി. കനത്ത കാറ്റിനെ തുടര്‍ന്ന ബോട്ട് യാത്ര ആശങ്കയുണര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."